കൊച്ചി: സി എം ആർ എൽ, എക്സാലോജിക് മാസപ്പടിക്കേസിൽ പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എന്തുകൊണ്ടാണ് ഇതുവരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്തതെന്ന് വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി. ഗൗരവതരമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും നടപടികൾ വൈകുന്നതിലെ അസംതൃപ്തി പ്രകടിപ്പിച്ച കോടതി മുദ്രവച്ച കവറിൽ വിവരങ്ങൾ കൈമാറണമെന്നും വിശദമായ വാദം കേൾക്കാമെന്ന് അറിയിക്കുകയും ചെയ്തു. കേസിൽ വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്തത് സംബന്ധിച്ച് ചോദ്യമുന്നയിച്ചത്.
ഇ ഡി നൽകിയ കത്തിന്റെ പൂർണവിവരങ്ങൾ സംബന്ധിച്ച് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. മുദ്രവച്ച കവറിൽ വിശദാംശങ്ങൾ കൈമാറാമെന്ന് ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രാഥമികാന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
അന്വേഷണ വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും തെളിവുകൾ കൈമാറിയ സ്ഥിതിക്ക് ഇനി പ്രാഥമികാന്വേഷണം നടത്താതെ ഉടനടി എഫ്ഐആർ രജിസ്റ്റർചെയ്യണമെന്നും ഇഡി ആവശ്യപ്പെട്ടു. എന്നാൽ ഉടനടി എഫ്ഐആർ ഇടണമെന്ന് നിർബന്ധമില്ലെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വാദം. സമാനമായ വിഷയത്തിൽ മുൻപുവന്ന ഹർജികൾ ഹൈക്കോടതി തള്ളിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിൽ രാഷ്ട്രീയമായ വേട്ടയാടലിന് തയ്യാറല്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ വിരോധം തീർക്കാൻ സർക്കാരില്ലെന്നും കുറ്റംചെയ്തവരെയും അഴിമതിക്കാരെയും നിയമത്തിന്റെ മുൻപിലെത്തിക്കുകയാണ് സമീപനമെന്നും അദ്ദേഹം പറഞ്ഞു. കരിമണൽ കമ്പനി ഉടമ കർത്തയുടെ മാസപ്പടി ഡയറിയിൽ ആഭ്യന്തര മന്ത്രിയുടെയും പേരുണ്ടല്ലോ എന്ന ചോദ്യത്തിന് തനിക്ക് പറയാനുള്ളത് നേരത്തെ പറഞ്ഞ കാര്യമാണെന്നും ഒരു അധാർമ്മികതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.