മണിപ്പൂരിൽ വിഷമദ്യ ദുരന്തം; 15 പേർ മരിച്ചു, 180ലധികം പേർ ചികിത്സയിൽ

ഇംഫാൽ: മണിപ്പൂരിൽ വിഷമദ്യം കഴിച്ച് 15 പേർ മരിച്ചതായി റിപ്പോർട്ട്. വ്യാജമദ്യം കഴിച്ച 180ലധികർ പേർ മണിപ്പൂരിലെ ഷിജ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചന്ദേൽ ജില്ലയിൽ ചക്‌പി കരോംഗിലാണ് മദ്യദുരന്തമുണ്ടായത്. പ്രാദേശികമായി നിർമിച്ച മെഥനോൾ കല‌ർന്ന മദ്യമാണ് മരണകാരണമെന്നാണ് വിവരം.

ചക്‌പി കരോംഗ് പ്രദേശവാസികളാണ് മരിച്ചവരിൽ കൂടുതൽപ്പേരും. പ്രായമായവരും മദ്ധ്യവയസ്‌കരുമാണ് മരിച്ചവരിൽ അധികവും. കൂടുതൽപ്പേർ ചികിത്സയ്ക്കായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുള്ളതായി പങ്കുവച്ചു. മണിപ്പൂർ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് ആശുപത്രിയിൽ സന്ദ‌ർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണിപ്പൂരിലെ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വ്യാജമദ്യം ചന്ദേൽ ജില്ലയിൽ നിർമിച്ചതല്ലെന്നും സമീപത്തെ കാക്‌ചിംഗ് ജില്ലയിൽ നിന്ന് എത്തിച്ചതാണെന്നും ചന്ദേൽ പൊലീസ് സൂപ്രണ്ട് അറിയിച്ചു. ജില്ലയിൽ വ്യാജമദ്യ നിർമാണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *