മെയ് 18-ന് അധികാരം ഏറ്റെടുത്ത സര്‍ക്കാര്‍ ആറു മാസം തികയുകയാണ്. ആഗ്രഹിച്ചത് പോലുള്ള ഒരുപാട് കാര്യങ്ങള്‍, അതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍, നല്ല ഗൃഹപാഠം ചെയ്യാന്‍, സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക്, വികസന കുതിപ്പിന്, ഒരുപാട് സ്വപ്നങ്ങള്‍ കണ്ട ക്ഷേമപദ്ധതികള്‍ക്ക് അടിത്തറ പാകാന്‍ ആറു മാസം കൊണ്ട് കഴിഞ്ഞിട്ടുണ്ട്.
വാഗ്ദാനം ചെയ്ത രണ്ടു കാര്യങ്ങള്‍ ആദ്യം തന്നെ നടപ്പിലാക്കി. സ്ത്രീകള്‍ക്കുള്ള സൗജന്യയാത്രയായ പ്രിയദര്‍ശിനി പദ്ധതി വിജയകരമായി നടക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായി മുതിര്‍ന്ന പൗരന്മാര്ക്ക് വേണ്ടിയിട്ടുള്ള ഒരു വകുപ്പ് രൂപീകരിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും തയാറായിക്കഴിഞ്ഞു. ആശാവര്‍ക്കര്‍മാരുടെയും പാചക തൊഴിലാളികളുടെയും സാധാരണക്കാരുടെയും കാര്യത്തില്‍ വരുമാന വര്‍ദ്ധനവുണ്ടാക്കി. കുടിശികകളെല്ലാം തീര്‍ത്തു കൊടുക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമങ്ങള്‍ നടത്തി. ധനസ്ഥിതിയെ കുറിച്ചുള്ള ഒരു ധവളപത്രം സഭയുടെ ടേബിളില്‍ വെച്ചു. അത് ഭാവിയിലേക്കുള്ള കാര്യങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള അടിസ്ഥാനരേഖയായി മാറി.
കിഫ്ബിയെ സംബന്ധിച്ച് വിദഗ്ധരെ നിയമിച്ച് പഠനങ്ങള്‍ നടത്തി. അതിനെ മെയിന്‍ സ്ട്രീമില്‍ ആക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. സിംഗിള്‍ ഡോര്‍, സിംഗിള്‍ അപ്രൂവല്‍ എന്ന നില വരണമെന്നു കരുതി, വിപ്ലവകരമായ സരള്‍ കേരളം നിയമം പാസാക്കി. സ്വപ്ന പദ്ധതിയായ മിഷന് സമുദ്ര നടപ്പിലാക്കുന്നതിന് മാരിടൈം നിയമം പാസാക്കി. മിഷന് സമുദ്രയ്ക്ക് വേണ്ടിയിട്ടുള്ള വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വലിയ റിസള്‍ട്ട് ഉണ്ടാകും. സര്‍ക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയാണ് മിഷന് സമുദ്ര. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റി, നിരവധി തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ബൃഹദ് പദ്ധതിയാണ്. ഏവിയേഷന്‍ ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിന് വേണ്ടിയുള്ള നടപടികളും പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.
സീനിയര്‍ സിറ്റിസണ്‍സിന് വേണ്ടിയുള്ള പദ്ധതികള്‍ പലതും തുടങ്ങി. പലതും പ്രഖ്യാപനത്തിന്റെയും പ്രോജക്ടുകളുടെയും അന്തിമഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ പ്രോജക്ടുകളില്‍ നിന്നും പണം വാങ്ങിയെടുക്കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ കേന്ദ്ര പദ്ധതികളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ പ്ലാനിങ് ബോര്‍ഡ് മുഖേനയും സെക്രട്ടേറിയറ്റ് മുഖേനയും തയാറാക്കി വിവിധ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. അവര്‍ കണ്‍സള്‍ട്ടന്റിനെയും നോളജ് പാര്ട്ണറെയും വച്ചു കൊണ്ടുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയാണ്. പരമാവധി പണം കേന്ദ്ര പദ്ധതികളില്‍ നിന്നും വാങ്ങിയെടുക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
‘ഗുഡ് ഗവേര്‍ണന്‍സ് വിത്ത് എംപതി’, സഹാനുഭൂതിയോടു കൂടിയുള്ള സദ്ഭരണം എന്നതാണ് മുദ്രാവാക്യം. മുതിര്‍ന്ന പൗരന്മാര്ക്കുള്ള പദ്ധതി പോലെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയിട്ടുള്ള വലിയൊരു പദ്ധതി ഡിസംബര്‍ ആദ്യവാരം പ്രഖ്യാപിക്കും. സീനിയര്‍ സിറ്റിസണ്‍സിന്റെ പ്രോജകറ്റും ഡിസാസ്റ്റര്‍ മാനേജ്മെന്റ് റെസിലിയന്‍സ് പ്രോജക്റ്റും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രോജക്റ്റും രാജ്യത്തിന് മാതൃകയാകുന്ന പദ്ധതികളായിരിക്കും. അത് സമയബന്ധിതമായി നടപ്പിലാക്കും.
ടൂറിസം ഡെസ്റ്റിനേഷനുകള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടിയിട്ടുള്ള കൊച്ചിയിലെ ഓഷനേറിയം പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നമുക്ക് വലിയൊരു മാരിടൈം ഹിസ്റ്ററിയുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു മാരിടൈം മ്യൂസിയം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഫിലിം സിറ്റി തുടങ്ങുന്നതിനുള്ള നടപടികളും തുടങ്ങി. കൊച്ചിയില്‍ സിംഗപ്പൂര്‍ വിമാനത്താവളത്തിലുള്ളതിനേക്കാള് ഭംഗിയായ ഒരു ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ കണ്വെന്ഷന് സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു, കുറെ കാര്യങ്ങള്‍ തുടങ്ങി വെച്ചു. അടുത്ത ആറു മാസം ഒരുപാട് റിസള്‍ട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത രീതിയിലുള്ള ഒരുപാട് പദ്ധതികള്‍ കൊണ്ടുവന്ന്, കേരളത്തിലെ വിദ്യാഭ്യാസ- ആരോഗ്യ ഡെസ്റ്റിനേഷന്‍ പോയിന്റാക്കി മാറ്റാനുള്ള ബ്രഹദ് പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. വൈകാതെ ആ പദ്ധതികളെല്ലാം പ്രഖ്യാപിക്കാനാകും.
ലെഗസി യൂണിവേഴ്സിറ്റീസ് അടക്കം കേരളത്തിലേക്ക് വരുന്നതിനുള്ള വിശാലമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഫ്യൂച്ചര്‍ ടെക്നോളജിയില്‍, ഐ.ടി.യില്‍ എല്ലാം കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങളുണ്ടാകും. മിഷന് സമുദ്രയിലും നിക്ഷേപങ്ങള്‍ ഉണ്ടാകും. അതിനുള്ള നടപടിക്രമങ്ങള്‍, പുതിയ ഇക്കോണമിക് മോഡലുകള്‍ എന്നിവയെല്ലാം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
100 ദിവസത്തെ കര്‍മ്മപദ്ധതിയില്‍ 588 പദ്ധതികള്‍ പ്രഖ്യാപിച്ചു. അതില്‍ 568 പദ്ധതികള്‍ 100 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ മുഴുവന്‍ ഫയലുകളും ഡിസ്പോസ് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ‘ജനസ്പര്‍ശം’ പരിപാടി തുടങ്ങിയിരിക്കുകയാണ്. ഫയലുകള്‍ ഡിസ്പോസ് ചെയ്യുക മാത്രമല്ല, എന്തുകൊണ്ടാണ് ഫയലുകള്‍ ഇങ്ങനെ കുന്നുകൂടുന്നത് എന്നതിനെക്കുറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൂടി സഹായത്തോടുകൂടി പഠിക്കുകയും, ഫയലുകള്‍ വേഗത്തിലാക്കാനും, ഒരു കാര്യത്തില്‍ ഫയലുകള്‍ മള്‍ട്ടിപ്ലിക്കേഷന്‍ ഉണ്ടാകാതിരിക്കാനും വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൂടി സഹായത്തോടെയുള്ള ഡാറ്റാ ഡ്രിവന്‍ ഗവേണന്‍സും കേരളത്തില്‍ ഉണ്ടാകും.
നിക്ഷേപവുമായി ബന്ധപ്പെട്ടും, വിവിധ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡാഷ്ബോര്‍ഡ് ഉണ്ടാകും. സൂക്ഷ്മമായി ഓരോ പദ്ധതികളെയും നിരീക്ഷിക്കും. വലിയ പ്രോജക്റ്റുകള്‍ വളരെ കാലതാമസം വന്ന് കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍നിന്ന് നഷ്ടപ്പെടുന്നത്. ഈ ചോര്‍ച്ച അടയ്ക്കാന്‍ പ്രോജക്റ്റ് മാനേജ്മെന്റുകള്‍ക്ക് കൃത്യമായ പ്രോട്ടോകോള്‍ കൂടി വരികയാണ്. പ്രോജക്റ്റുകള്‍ ഏറ്റെടുക്കുമ്പോള്‍ അതു സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വം കൂടി ഉണ്ടാകും. അങ്ങനെ ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ആത്മവിശ്വാസം കുറെക്കൂടി നന്നായി മുന്നോട്ടുപോകാന്‍ സഹായിക്കുമെന്നതാണ് ഞങ്ങളുടെ പ്രത്യാശ.
മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ കാര്യത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും? കഴിഞ്ഞ ദിവസം ആ ഒരു വാര്‍ത്ത വന്നു. എന്താണ്? ഗുരുവായൂര്‍ ദേവസ്വം നിയമനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പേര് തയ്യാറാക്കി ഫയല്‍ അയച്ചു, ആരും ഒപ്പിട്ടില്ലെന്ന്. പച്ചക്കള്ളമായിരുന്നു ആ വാര്‍ത്ത. ഒന്ന്, എന്റെ ഓഫീസിലല്ല അത് തയ്യാറാക്കിയത്. അത് വകുപ്പ് ദേവസ്വം വകുപ്പാണ്. ആ ദേവസ്വം വകുപ്പ്, പ്രധാനപ്പെട്ട നേതാക്കളുമായി ആലോചിച്ച് അത് തയ്യാറാക്കി. ഞാനും ആ ചര്‍ച്ചയില്‍ പങ്കെടുത്തതാണ്. എനിക്ക് തന്നു ഫയല്‍ തന്നു. ഹിന്ദു മന്ത്രിമാരാണ് അതിനകത്ത് ഒപ്പിടേണ്ടത്, ഒരു മന്ത്രി മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ഇന്ന് രാവിലെയാണ് എല്ലാവരും എത്തിയത്. മന്ത്രിസഭാ യോഗത്തിന് മുന്‍പ്, മന്ത്രിമാര്‍ ഒപ്പിടില്ല എന്നായിരുന്നു വാര്‍ത്ത. എല്ലാ മന്ത്രിമാരും ഇന്ന് മന്ത്രിസഭാ യോഗത്തിന് മുന്‍പ് അതില്‍ ഒപ്പുവെച്ചു. ഒരു തര്‍ക്കവും ഉണ്ടായില്ല. തെറ്റായ കേന്ദ്രങ്ങളില്‍ നിന്ന് കൊടുക്കുന്ന ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലുള്ള പച്ചക്കള്ളമാണ് മാധ്യമങ്ങളില്‍ വരുന്നത്. ആ വാര്‍ത്ത ആദ്യം വന്ന പത്രമെഴുതിയത്, മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രി ഏകപക്ഷീയമായി ഫയല്‍ തയ്യാറാക്കി എന്നാണ്. ആ ഫയല്‍, എവിടെ നിന്നാണ് ഒറിജിനേറ്റ് ചെയ്തത്? ആ ഫയല്‍ കറക്റ്റ് ആയി, ദേവസ്വം മന്ത്രിയുടെ അടുത്തു നിന്നാണ് ഒര്ജിനേറ്റ് ചെയ്തത്.
വൈദ്യുതി സംബന്ധിച്ചുള്ള ഫയല്‍ നോക്കുന്നത് ഞാനാണോ? കെ.എസ്.ഇ.ബിയില്‍ നിന്ന് പവര്‍ മിനിസ്റ്റര്‍ക്ക് കൊടുത്ത്, പവര്‍ മിനിസ്റ്റര്‍ അഭിപ്രായം തേടി തീരുമാനം എടുക്കാന്‍ എന്റെ കൈയിലേക്ക് അയച്ചു. അഭിപ്രായം രേഖപ്പെടുത്തി അത് തിരിച്ചും കൊടുത്തു. എന്നിട്ട് ഞങ്ങള്‍ കൂടിയാലോചിച്ച് ഇത് ഒന്നുകൂടി പരിശോധിക്കണമെന്നും വൈദ്യുതിയുടെ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. എന്നിട്ട് വാങ്ങിയാല്‍ മതിയെന്ന് പറഞ്ഞു. എന്നിട്ടും ജി.എന്‍.എ കരാറില്‍ നിന്ന് പിന്മാറിയെന്ന് ചില മാധ്യമങ്ങള്‍ വലിയ വാര്‍ത്ത കൊടുത്തു. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുകയും ചെയ്തു. കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല, ഒരു ഓര്‍ഡര്‍ പോലും അവര്‍ക്ക് ഇഷ്യു ചെയ്തിട്ടില്ല. ഒരു ഓര്‍ഡര്‍ പോലും ഇഷ്യു ചെയ്യാതെ എങ്ങനെയാണ് കരാറില്‍ നിന്ന് പിന്മാറിയെന്ന് വാര്‍ത്ത കൊടുക്കുന്നത്? വി.ഇ.എച്ച്. ഗ്ലോബലുമായി ബന്ധപ്പെട്ട കരാറില്‍ 496 കോടി രൂപയുടെ അഴിമതി നടന്നെന്നും 250 ഓളം കോടി രൂപ സര്‍ക്കാരിന് നഷ്ടപ്പെട്ടെന്നും ടെന്‍ഡര്‍ ചെയ്തില്ലെന്നുമുള്ള ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. മൂന്നും നുണയാണ്. അല്ലെങ്കില്‍ അദ്ദേഹത്തെ ആരോ പറ്റിക്കുകയാണ്. ഇതൊക്കെ അദ്ദേഹത്തെ കബളിപ്പിക്കുന്നതിന് വേണ്ടി ഞങ്ങളുടെ കൂടെയുള്ള ആരോ എഴുതിക്കൊടുക്കുന്നതാണോ എന്നതാണ് എന്റെ സംശയം.
സെപ്റ്റംബറില്‍ ആറോളം ടെന്‍ഡറുകളാണ് ദീപ് പോര്‍ട്ടലില്‍ കെ.എസ്.ഇ.ബി വച്ചത്. ആരും വന്നില്ല. കാരണം എല്ലായിടത്തും വൈദ്യുതി ക്ഷാമമുണ്ടായിരുന്നു. പീക്ക് അവറില്‍ വൈകുന്നേരം 6 മുതല്‍ 12 വരെ യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി നല്കിയതു കൊണ്ടാണ് വി.ഇ.എച്ചുമായി കരാറുണ്ടാക്കിയത്. അതേസമയം 38 രൂപയ്ക്കും 41.50 രൂപയ്ക്കുമാണ് തമിഴ്നാട് സര്‍ക്കാര്‍ എഗ്രിമെന്റ് വച്ചത്. എന്‍.ടി.പി.സി പോലും മുപ്പത് രൂപയ്ക്ക് തരാമെന്നാണ് പറഞ്ഞത്. ആറ് ടെന്‍ഡര്‍ വച്ചിട്ടും പ്രതിപക്ഷ നേതാവ് ടെന്‍ഡര്‍ വച്ചില്ലെന്നു പറയുകയാണ്. 10 കൊല്ലം മുഖ്യമന്ത്രിയായിരുന്ന ഒരാളാണ് 250 കോടി രൂപയുടെ അഴിമതി നടത്തിയെന്നു പറയുന്നത്. പറഞ്ഞതിന്റെ നാലിലൊന്ന് വൈദ്യുതി അവര്‍ക്ക് തരാന്‍ പറ്റിയില്ല. ആകെ അവര്‍ക്ക് വൈദ്യുതി തന്നതിന് 5 കോടിയില്‍ താഴെ രൂപ മാത്രമാണ് നല്‍കിയത്. ഇതൊക്കെ വെറും വാര്‍ത്തകളാണ്. പ്രതിപക്ഷ നേതാവിന്റെ വാര്‍ത്ത, നിങ്ങള്‍ ആരെങ്കിലും അത് അന്വേഷിച്ചോ? പഠിച്ചോ? ഈ ബി.ഇ.എച്ച്. ഗ്ലോബലിന്റെ 456 കോടി രൂപയുടെ ഇടപാടാണ്, 250 കോടി രൂപയുടെ അഴിമതി നടന്നു എന്ന് പറയുന്ന കേസ്, നിങ്ങള്‍ ആരെങ്കിലും എഴുതിയോ? ഒരാളും എഴുതിയില്ല, ഒരാളും അന്വേഷിച്ചില്ല. അതങ്ങ് എഴുതി, എന്നിട്ട് രണ്ടു ദിവസം ആ വാര്‍ത്ത കൊടുത്തു. ഇനി മൂന്നാമത്തെ ദിവസം കൊടുക്കൂല. അങ്ങനെയല്ലല്ലോ ചെയ്യേണ്ടത്.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം സംബന്ധിച്ച് ഒരു പ്രശ്നങ്ങളുമില്ല. നിങ്ങള്‍ ഇങ്ങനെ ഓരോ വാര്‍ത്ത ഉണ്ടാക്കുകയല്ലേ? പവര്‍ മിനിസ്റ്റര്‍ പറഞ്ഞതില്‍ വള്ളിയുണ്ടായിരുന്നു, ഞാന്‍ പറഞ്ഞതില്‍ വള്ളിയുണ്ടായില്ല, കുത്തായിരുന്നു എന്ന് പറഞ്ഞ് അഭിപ്രായവ്യത്യാസം ഉണ്ടെന്നു പറയുന്ന ആളുകളല്ലേ നിങ്ങള്‍.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ബ്രീഫിങ് ഉണ്ടായിട്ടില്ല, ക്യാബിനറ്റ് നോട്ട് വന്നിട്ടില്ല എന്നൊക്കെ നിങ്ങള്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്? പത്തര മണിക്കാണ് ക്യാബിനറ്റ് കഴിഞ്ഞത്. 11:10-നാണ് എന്റെ ഡല്‍ഹിയിലേക്കുള്ള ഫ്ളൈറ്റ്. ഡല്‍ഹിയില്‍ ഞാന്‍ 2:30നാണ് വരുന്നത്. ഞാന്‍ നാല് മണിക്ക് ഇവിടെ നിങ്ങളെ കാണുകയല്ലേ? ഈ പറയുന്നതിനൊക്കെ എന്തെങ്കിലും ഒരു അടിസ്ഥാനം വേണ്ടേ? ക്യാബിനറ്റ് ബ്രീഫ് പുറത്തേക്ക് കൊടുക്കണമെങ്കില്‍ ഞാന്‍ ഒപ്പിടണ്ടേ? അല്ലെങ്കില്‍ ഞാന്‍ വന്നു പറയണം. ഇതൊക്കെ പ്രൊസീജ്യര്‍ അല്ലേ?
ക്യാബിനറ്റില്‍ ഒരുപാട് തര്‍ക്കങ്ങളുണ്ടായെന്ന് നിങ്ങള്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ ഉണ്ടായി. ഒരുപാട് തര്‍ക്കങ്ങള്‍ ഉണ്ടായി. ശരിക്കും രണ്ടര മണിക്കൂറായിരുന്നു ക്യാബിനറ്റ്. ഇത് പിണറായി വിജയന്റെ ക്യാബിനറ്റല്ല. പിണറായി വിജയന് പോക്കറ്റില്‍ നിന്ന് ഒരു കടലാസ് എടുത്താല്‍ അവിടെ എല്ലാം അംഗീകരിക്കുന്ന വിധേയരുടെ ക്യാബിനറ്റ് അല്ല ഇത്. ഞങ്ങള്‍ ഇന്ന് ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്തത് ഹയര്‍ എഡ്യൂക്കേഷന്‍ ബില്ലാണ്. പല മന്ത്രിമാരും വ്യത്യസ്ത അഭിപ്രായം പറഞ്ഞു. എല്ലാവര്ക്കും പറയാനുള്ള അവസരം കൊടുത്തു. ചിലര്‍ തമ്മില്‍ തര്‍ക്കിച്ചു. ഡിബേറ്റ് ഉണ്ടായി. അവസാനം എല്ലാവരും എന്നോട് കണ്‍ക്ലൂഡ് ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാണ് മന്ത്രിസഭായോഗം നടക്കുന്നത്. മുഖ്യമന്ത്രി ഒരു തീരുമാനം എടുത്തു, കണ്‍ക്ലൂഡ് ചെയ്തു. ഇതാണ് മന്ത്രിസഭായോഗം.
എല്‍.പി. എസ്.ടി സമരത്തെ കുറിച്ചും അര മണിക്കൂര്‍ ചര്‍ച്ച ചെയ്തു. അത് തര്‍ക്കമല്ല. നമ്മുടെ പരിധിയില്‍ നിന്നുകൊണ്ട് നമുക്ക് ചെയ്തു കൊടുക്കാന്‍ പറ്റും എന്ന വിശദമായ ചര്‍ച്ചയാണ് നടത്തിയത്. സമരത്തോടൊന്നും ഞങ്ങള്‍ എതിരല്ല. എട്ട് തവണയാണ് പൊതുവിദ്യാഭ്യാസ മന്ത്രി സമരക്കാരോട് ചര്‍ച്ച ചെയ്തത്. ഞാന്‍ രണ്ട് തവണയും. ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സമരം ചെയ്യുന്നവര്‍ നമ്മുടെ ശത്രുക്കളൊന്നുമല്ല. അവരുടെ ആരോഗ്യത്തെക്കുറിച്ചാണ് ഞങ്ങള്‍ക്ക് വേവലാതി. മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു അവരുടെ ആരോഗ്യം ശരിയാക്കാന്‍. അവരുടെ ആരോഗ്യം പോകാന്‍ പാടില്ല. അവര്‍ സമരം ചെയ്തു, സര്‍ക്കാരിനെതിരായിട്ട് സമരം ചെയ്തു എന്ന് കരുതിയിട്ട് അവര്‍ക്കൊരു വിഷമം ഉണ്ടാകാന്‍ പാടില്ല. എപ്പോള്‍ വേണമെങ്കിലും അവര്‍ തയ്യാറായാല്‍ പൊതുവിദ്യാഭ്യാസ മന്ത്രി ചര്‍ച്ച ചെയ്യും. ചര്‍ച്ച ചെയ്യുമ്പോള്‍ ഗവണ്മെന്റ് എടുക്കേണ്ട സ്റ്റാന്‍ഡ് എന്താണ്? ഇതൊക്കെയല്ലേ ജനാധിപത്യം എന്ന് പറയുന്നത്. പിണറായി വിജയന്റെ കാലത്ത് ക്യാബിനറ്റ് എത്ര മിനിറ്റ് കൂടിയിരുന്നു? കഴിഞ്ഞ 10 വര്‍ഷക്കാലം മന്ത്രിസഭയില്‍ ഏത് ചര്‍ച്ച നടന്നിട്ടുണ്ട്്? പി.എം.ശ്രീയില്‍ ഒപ്പിട്ടിട്ട് മുഖ്യമന്ത്രിയും മന്ത്രിയും മന്ത്രിസഭയില്‍ മിണ്ടാതിരുന്നിട്ടുണട്്. ഒപ്പിടരുതെന്ന് സി.പി.ഐയുടെ നാല് മന്ത്രിമാര്‍ വാദിക്കുമ്പോള്‍ പി.എം ശ്രീയില്‍ ഒപ്പിട്ടിട്ടാണ് അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വന്ന് ആ ക്യാബിനറ്റില്‍ ഇരുന്നത്. അങ്ങനയുള്ളതല്ല ഞങ്ങളുടെ ക്യാബിനറ്റ്. ഞങ്ങളുടെ ക്യാബിനറ്റില്‍ തര്‍ക്കമുണ്ടാകും, വ്യത്യസ്തമായ അഭിപ്രായങ്ങളും പറയും. പക്ഷെ അവസാന ഒരു തീരുമാനം പറയും. ഏറ്റവും ജൂനിയര്‍ ആയ ജനീഷ് വരെ എന്റെ മുഖത്ത് നോക്കി അഭിപ്രായം പറയും. അത് വലിയ വാര്ത്തയാക്കിട്ട് യു.ഡി.എഫില്‍ അടിയാണെന്ന് പറയുമ്പോള്‍ ജനാധിപത്യം വേണ്ടെന്നാണോ? പോക്കറ്റില്‍ നിന്ന് കടലാസ് എടുത്താല്‍ എല്ലാവരും അംഗീകരിക്കുന്ന വിധേയരുടെ ക്യാബിനറ്റല്ല ഇത്. തര്‍ക്കമുണ്ടാകും. ജനാധിപത്യത്തിന്റെ മനോഹാരിതയാണ് തര്‍ക്കങ്ങളും വ്യത്യസ്തമായ അഭിപ്രായങ്ങളും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ പല കാര്യത്തിലും തര്‍ക്കമുണ്ടായി പക്ഷേ എല്ലാത്തിലും തീരുമാനമുണ്ടായി. ഒരു തീരുമാനവും പിന്നത്തേക്ക് മാറ്റിവെച്ചില്ല. ഒരു തീരുമാനവും. എല്ലാ കാര്യത്തിലും ഏകാഭിപ്രായത്തില്‍ തീരുമാനം ഉണ്ടായി.
പലര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്നേ. എല്ലാവരും വന്ന് കൈയടിക്കുന്ന സ്തുതിപാഠക സംഘമല്ല യു.ഡി.എഫും കോണ്‍ഗ്രസും. വ്യത്യസ്തമായ അഭിപ്രായം ഒരാള്‍ പറയുമ്പോള്‍ തള്ളിപ്പറയില്ല. അത് ശ്രദ്ധിക്കും. അതിനകത്ത് എന്തെങ്കിലും ഉണ്ടോയെന്ന് നോക്കും. എല്ലാവരെയും കേട്ട് തീരുമാനം എടുക്കുമ്പോള്‍ വ്യത്യാസമുണ്ട്. രാവിലെ ഇരുമ്പുലക്കയും പിടിച്ചുകൊണ്ട് വരേണ്ട ആവശ്യമില്ല. ഓരോരുത്തരും ഓരോ രീതിയിലല്ലേ വിഷയം അവതരിപ്പിക്കുന്നത്? ഉമ്മന്‍ചാണ്ടി സംസാരിക്കുന്ന പോലെയാണോ ഞാന്‍ സംസാരിക്കുന്നത്, അല്ലല്ലോ? കെ. കരുണാകരന് സംസാരിച്ചിരുന്ന പോലെയാണോ ഉമ്മന്‍ചാണ്ടി സാര്‍ സംസാരിച്ചിരുന്നത്, അല്ലല്ലോ? ഓരോരുത്തര്‍ക്കും ഓരോ രീതിയുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടേതാണോ എന്ന് ചോദിക്കുന്നത് എന്ത് അസംബന്ധമാണ്. അങ്ങനെ ഏകപക്ഷീയമായിട്ട് ഒരു തീരുമാനവും യു.ഡി.എഫ്. മന്ത്രിസഭയില്‍ ഉണ്ടാവില്ല.
2019-20 വര്‍ഷത്തെ ദേശീയ, അന്തര്‍ ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ, തൊള്ളായിരത്തോളം കായിക താരങ്ങള്‍ക്ക് ഒന്നര കോടി രൂപയുടെ പാരിതോഷികം വിതരണം ചെയ്തു. ഏഴ് വര്‍ഷത്തോളം മുടങ്ങി കിടക്കുന്ന കുടിശിക തീര്‍ക്കുന്നതിനുള്ള ആദ്യഘട്ട നടപടി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ആദ്യമായിട്ട് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 20 ലക്ഷം, 50 ലക്ഷം രൂപയാക്കി ഉയര്‍ത്തി. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 20 ലക്ഷം. ഇത് സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ട വിഷയമാണ്. ഗവണ്മെന്റിന്റെ കണ്ട്രോളിലുള്ള കാര്യമല്ല. 2015-ല്‍ ദേശീയ ഗെയിംസില്‍ രണ്ടാം സ്ഥാനത്തായിരുന്നു കേരളം. കഴിഞ്ഞ വര്‍ഷം ആയപ്പോള്‍ പതിനഞ്ചാം സ്ഥാനമായി. അവിടുന്ന് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി സ്പോര്‍ട്സ് രംഗത്ത് നിയമം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കൊണ്ടു വരും.
വിദ്യാഭ്യാസ ബില്ലുകള്‍ ഭേദഗതിയോടു കൂടി മന്ത്രിസഭ അംഗീകരിച്ചു എല്ലാ ബില്ലുകളും ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഒരു ലീഗല്‍ വെറ്റിങ് കൂടി നടന്നുകൊണ്ടിരിക്കുകയാണ്. ഏഴോ എട്ടോ ബില്ലുകള്‍ വരും. നേരത്തെ തീരുമാനിച്ച എല്ലാ ബില്ലുകളും വരും.
കോര്പ്പറേഷന്, ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ വിമര്‍ശനം ഇല്ല. വേഗം തീര്‍ക്കണം എന്ന് പറഞ്ഞാല്‍ എങ്ങനെ വിമര്‍ശനം ആകുന്നത്? ചര്‍ച്ച അവസാന ഘട്ടത്തിലാണ്. ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാകുന്ന ഘട്ടത്തിലേക്ക് അത് എത്തിയിട്ടുണ്ട്. നിയമനം ഒക്കെ പണ്ടും വൈകിയിട്ടുണ്ട്.
പി.എസ്.സി. അംഗങ്ങള്‍ അഞ്ചു പേരുടെ കാര്യം തീരുമാനമായി. മാധ്യമങ്ങള്‍ എഴുതിക്കാണിച്ച എല്ലാ പേരുകളും ശരിയാണ്. ഷാഫി ചാലിയം, ജി. ഗോപകുമാര്‍, റോസമ്മ ഫിലിപ്പ്, സനല്‍കുമാര്‍, രമേശ് എം. തമ്പി എന്നിവരാണ് അംഗങ്ങള്‍. എല്ലാ കാര്യത്തിലും ഏകകണ്ഠമായ തീരുമാനം എടുത്തു.
സര്‍ക്കാരുമായി ആലോചിക്കാതെ നിലവിലുള്ള പി.എസ്.സി. അംഗങ്ങളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത് തെറ്റാണ്. ഭരണഘടവിരുദ്ധമാണ്. പക്ഷേ, അതിന്റെ മറവില്‍ പി.എസ്.സി.യില്‍ കാണിച്ചിരിക്കുന്ന വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട. ഗവര്‍ണര്‍ അങ്ങനെ ചെയ്തു എന്നുള്ള മറപിടിച്ച് പിണറായി വിജയനും സംഘവും എല്ലാ വൃത്തികേടുകളും മറയ്ക്കുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തിലെ യുവജനങ്ങളെ മുഴുവന്‍ ചതിച്ചു. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരട്ടെ. കേരളം തകര്‍ന്നുപോകുന്ന കാര്യങ്ങളാണ് പുറത്ത് വരാന്‍ പോകുന്നത്. അതൊന്നും വെറുതെ വിടില്ല.