ധാക്ക: നിരോധിത അവാമി ലീഗ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ലോക്ക്ഡൗണിന് മുന്നോടിയായി ബംഗ്ളാദേശിൽ വ്യാപക ആക്രമണങ്ങൾ. ബംഗ്ലാദേശ് മുൻ ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിന്റെ ചാട്ടോഗ്രാമിലെ പൂർവ്വിക വീടിന് അക്രമികൾ തീയിട്ടു. ഏറ്റുമുട്ടലുകളിൽ നാല് പേർ കൊല്ലപ്പെട്ടു.
24 മണിക്കൂറിനിടെ 565 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ വിദ്യാഭ്യാസ മന്ത്രി നൂറുൽ ഇസ്ലാം നഹിദിനെ ഇന്നലെ അർദ്ധരാത്രി വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അക്രമങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് പറഞ്ഞു.
ധാക്കയിലുടനീളം കനത്ത സുരക്ഷ ഒരുക്കിയിട്ടും സ്ഫോടന പരമ്പരകൾ, തീവയ്പ്പ് തുടങ്ങിയവ വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. സിൽഹെറ്റ്, രാജ്ഷാഹി, ബാരിഷാൽ, ഫരീദ്പൂർ എന്നിവിടങ്ങളിലെ യൂനുസിന്റെ ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് നേരെയും ആക്രമണം ഉണ്ടായി.
വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനെതിരെ നടന്ന അടിച്ചമർത്തലുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മുൻ ബംഗ്ളാദേശ് പ്രധാനമന്ത്രിയായ ഷെയ്‌ഖ് ഹസീനയെ വിചാരണ ചെയ്ത് വധശിക്ഷ വിധിച്ച പ്രത്യേക ട്രൈബ്യൂണൽ വിധിയുടെ ഒന്നാം വാർഷികമാണ് ഇന്ന്. 2024 ഓഗസ്റ്റിലാണ് ഹസീന ഇന്ത്യയിലേയ്ക്ക് പലായനം ചെയ്തത്. ഹസീനയെ കൈമാറണമെന്ന് ബംഗ്ളാദേശ് ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഡിസംബറിൽ സ്വമേധയാ മടങ്ങിവരുമെന്നാണ് ഹസീന പ്രഖ്യാപിച്ചിരിക്കുന്നത്.