ഡെറാഡൂൺ: ഡെറാഡൂണിൽ അവിഹിതബന്ധം കണ്ടുപിടിച്ചതിനെ തുടർന്ന് ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. സഹർസ ജില്ലയിലെ മദൻ മുഖിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ മീനാ ദേവി (30), കാമുകൻ ലല്ലൻ ശർമ്മ (23) എന്നിവർ അറസ്റ്റിലായി.
മദൻ മുഖിയയോടൊപ്പം ജോലി ചെയ്തിരുന്ന ലല്ലൻ ശർമ്മയും മീനാ ദേവിയും കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അടുത്തിടെയാണ് മുഖിയ അറിഞ്ഞത്. ഇതോടെയാണ് മുഖിയയെ കൊല്ലാൻ ഇരുവരും തീരുമാനിച്ചത്.
തുടർന്ന് മദ്യം കഴിക്കാനെന്ന വ്യാജേന മീനാ ദേവി ഭർത്താവിനെ സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുഖിയ മദ്യലഹരിയിലായതോടെ മീനയും കാമുകൻ ലല്ലൻ ശർമ്മയും ചേർന്ന് കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം മണ്ഡുവാല വനത്തിലെ കൊക്കയിലേക്ക് തള്ളുകയുമായിരുന്നു. ശനിയാഴ്ചയാണ് മുഖിയയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മീനാ ദേവിയെയും കാമുകൻ ലല്ലൻ ശർമ്മയെയും അറസ്റ്റുചെയ്തത്.