ചണ്ഡീഗഢ്: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെയിൽവേ പാളത്തിൽ സ്ഫോടനം നടത്തിയ സംഭവത്തിൽ പാകിസ്ഥാനുമായി ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റിൽ. മഹക്ദീപ് കൗർ (21), ദാവീന്ദർ സിങ് (22) എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും ശ്രീഗംഗാനഗർ പോലീസും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടികൂടിയത്. സംഭവത്തിന് പിന്നിൽ പാക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു അന്വേഷണം.
പാകിസ്ഥാനിൽ നിന്നുള്ള രണ്ടുപേരുമായി മഹക്ദീപ് കൗറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 'ചാച്ചാ', 'ഷാ' എന്നീ പേരുകളിലാണ് ഇവർ യുവതിയുമായി ആശയവിനിമയം നടത്തിയിരുന്നത്. ഓൺലൈൻ വഴി പ്രണയാഭ്യർഥന നടത്തിയാണ് യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്നും പിന്നീട് പണം നൽകി നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ശ്രീഗംഗാനഗറിലെ റെയിൽവേ പാളത്തിൽ സ്ഫോടനം നടത്തുന്നതിനായി യുവതിക്ക് പാകിസ്ഥാനിൽനിന്ന് പണം ലഭിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏറെക്കാലമായി ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു മഹക്ദീപ് കൗർ. ലഹരിക്കേസിൽ ഭർത്താവ് നിലവിൽ ജയിലിലാണ്. യുവതിയുടെ പക്കൽനിന്ന് രണ്ട് തോക്കുകളും 46 വെടിയുണ്ടകളും 30,000 രൂപയും പോലീസ് കണ്ടെടുത്തു.
ഇരുവർക്കും സഹായം നൽകിയെന്ന സംശയത്തിൽ മൂന്നുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താമസസൗകര്യം ഒരുക്കുന്നതിനും യാത്രകൾക്കുമായി ഇവർ സഹായിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
ഇന്ത്യൻ യുവതികളെ പ്രണയക്കെണിയിൽപ്പെടുത്തി ചാരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന രീതി പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ പിന്തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇത്തരത്തിൽ യുവതികളെ സ്വാധീനിക്കുന്നതെന്നാണ് കണ്ടെത്തൽ. നേരത്തെ ശ്രീഗംഗാനഗർ സ്വദേശിനിയായ ബബിതയും സമാനമായ രീതിയിൽ പാക് ചാരസംഘടനയുടെ വലയിലായിരുന്നുവെന്നാണ് വിവരം.
നവംബർ മൂന്നിന് രാത്രിയാണ് ശ്രീഗംഗാനഗറിലെ രാംസിങ്പുരിൽ റെയിൽവേ പാളത്തിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പാളത്തിലെ രണ്ട് സ്ലീപ്പറുകൾ തകരുകയും റെയിൽവേ ട്രാക്കിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അനുപ്ഗഢ്-സുറത്ത്ഗഢ് പാസഞ്ചർ ട്രെയിൻ കടന്നുപോയി ഒരു മണിക്കൂറിന് ശേഷമായിരുന്നു സംഭവം. ആദ്യഘട്ടത്തിൽ തന്നെ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദബന്ധമുണ്ടെന്ന സംശയം ഉയർന്നിരുന്നു.