മാനവീയം വീഥിയിലെ കലാസന്ധ്യയ്ക്ക് അനുമതിയില്ല; മേയറുടെ നിലപാടിനെതിരെ മന്ത്രിയും പ്രതിപക്ഷവും രംഗത്ത്

തിരുവനന്തപുരം: ഗായിക പുഷ്പവതിയുടെ സംഗീതപരിപാടിക്ക് അനുമതി നിഷേധിച്ചതോടെ മാനവീയം വീഥിയിലെ കലാസന്ധ്യ വിവാദത്തിൽ. കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ മന്ത്രി പി.സി. വിഷ്ണുനാഥും എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാരും രംഗത്തെത്തി. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും തീരുമാനത്തിൽ മാറ്റം വരുത്താൻ മേയർ വി.വി. രാജേഷ് തയ്യാറായിട്ടില്ല. മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന പരിപാടിക്കാണ് കോർപ്പറേഷൻ അനുമതി നിഷേധിച്ചത്. ആഘോഷങ്ങൾക്കായി രൂപീകരിച്ച സമിതിയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് മേയറുടെ വിശദീകരണം.

മാനവീയം വീഥി കോർപ്പറേഷന്റെ കീഴിലുള്ള സ്ഥലമായതിനാൽ അതിന്റെ പേരിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയ്ക്ക് ഔദ്യോഗിക അംഗീകാരമോ കോർപ്പറേഷനുമായി ബന്ധപ്പെട്ട രേഖകളോ വേണമെന്നാണ് മേയറുടെ നിലപാട്. അത്തരം രേഖകൾ ഹാജരാക്കുകയോ കോർപ്പറേഷൻ പ്രതിനിധിയെ സമിതിയിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ അനുമതി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കലാകാരന്മാർക്ക് വേദികൾ ഒരുക്കേണ്ടത് സാംസ്കാരിക വകുപ്പിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു. സംഗീതനാടക അക്കാദമി വൈസ് ചെയർപേഴ്‌സണായിരുന്ന പുഷ്പവതിയുടെ പരിപാടിക്ക് വിലക്കേർപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും കോർപ്പറേഷൻ തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടായാൽ കനകക്കുന്ന്, നിശാഗന്ധി തുടങ്ങിയ വേദികളിൽ കലാകാരന്മാർക്ക് അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേയറുടെ നിലപാടിനെതിരെ കോർപ്പറേഷനിലെ പ്രതിപക്ഷ കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് 'നമ്മുടെ മാനവീയം, നമ്മുടെ ശബ്ദം' എന്ന പേരിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. എൽഡിഎഫ് കൗൺസിലർമാരും പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് അറിയിച്ചു. കലാപരിപാടികൾക്ക് വേദിയാകേണ്ട മാനവീയം വീഥിയിൽത്തന്നെ സംഗീതപരിപാടിക്ക് അനുമതി നിഷേധിച്ച നടപടി രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *