ശബരിമലയിൽ മേൽശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയിൽ കണ്ഠരര് രാജീവര് ഇല്ല

തിരുവനന്തപുരം: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല തന്ത്രി സ്ഥാനം ഒഴിഞ്ഞതിനാലും സ്വർണക്കൊള്ള കേസിൽ പ്രതിയായതിനാലുമാണ് തീരുമാനം.

ആരോഗ്യകാരണങ്ങളാലും മറ്റ് വ്യക്തിപരമായ സാഹചര്യങ്ങളാലും തന്ത്രി സ്ഥാനത്തുനിന്ന് മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. തുടർന്ന് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരവും കേരള ഹൈക്കോടതിയുടെ അംഗീകാരത്തോടെയും അദ്ദേഹത്തിന്റെ മകനായ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമലയിലെ പുതിയ തന്ത്രിയായി നിയമിക്കുകയായിരുന്നു.

ഇത്തവണ ശബരിമല മേൽശാന്തിയാവാനുള്ള യോഗ്യത പട്ടികയിൽ വലിയ കുറവ് രേഖപ്പെടുത്തി. ശബരിമല മേൽശാന്തിമാരുടെ യോഗ്യതാ പട്ടികയിൽ എട്ടു പേരും മാളികപ്പുറം മേൽ ശാന്തിമാരുടെ യോഗ്യതാ പട്ടികയിൽ മൂന്നും പേരും മാത്രമാണുള്ളത്. മാളികപ്പുറത്തെ പട്ടികയിലുള്ളവർ ശബരിമല മേൽശാന്തിമാരുടെ പട്ടികയിലും ഉള്ളവരാണ്.

ഇത്തവണ ദേവസ്വം വിജിലൻസിന്റെ ശക്തമായ ഇടപെടൽ ഉണ്ടായതും യോഗ്യതാ പട്ടികയിലെ എണ്ണം കുറയാൻ കാരണമായെന്നുവേണം കരുതാൻ. ഇനി അഭിമുഖത്തിലെ മാർക്ക് പരിഗണിച്ചാണ് നിയമനം നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *