ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു; ബിജെപിക്ക് ആശ്വാസം, അനുനയ നീക്കം ഫലം കണ്ടെന്ന് സൂചന

തിരുവനന്തപുരം: പാർട്ടിയുമായി ഇടഞ്ഞ് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച മുൻ ഡിജിപി ആർ. ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു. ശാസ്തമംഗലം വാർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശമാണ് നീക്കം ചെയ്തത്. ഇതോടെ തലസ്ഥാന നഗരസഭയിലെ ബിജെപി നേതൃത്വത്തിന് ആശ്വാസമായി. എന്നാൽ, സംഭവത്തിൽ ശ്രീലേഖ ഇതുവരെ പരസ്യമായി വിശദീകരണം നൽകിയിട്ടില്ല.

രാജി സന്ദേശം പുറത്തുവന്നതിനു പിന്നാലെ ബിജെപി സംസ്ഥാന, ജില്ലാ നേതാക്കൾ നടത്തിയ അനുനയ നീക്കങ്ങളാണ് തീരുമാനത്തിൽ മാറ്റമുണ്ടാക്കിയതെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കൾ ശ്രീലേഖയുമായി സംസാരിച്ചതായാണ് വിവരം. പ്രശ്നങ്ങളും പരാതികളും പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പുനൽകിയതായും റിപ്പോർട്ടുകളുണ്ട്.

പാർട്ടിയോടുള്ള അതൃപ്തിയല്ല, ശാരീരിക അസ്വസ്ഥതകളാണ് ശ്രീലേഖയെ അലട്ടിയതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ശ്രീലേഖയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു. ജനപ്രതിനിധിയുടെ ചുമതലകൾ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ആശങ്കകളും അവർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

വാർഡ് കൗൺസിലർ എന്ന നിലയിലെ പ്രവർത്തനങ്ങളിൽ കൂടുതൽ സഹായം ലഭ്യമാക്കാമെന്ന് നേതൃത്വം ഉറപ്പുനൽകിയതായും സൂചനയുണ്ട്. രാജി സന്ദേശം പിൻവലിച്ചെങ്കിലും സംഭവത്തിൽ ശ്രീലേഖയുടെ നിലപാട് സംബന്ധിച്ച വ്യക്തത ഇനിയും വന്നിട്ടില്ല.

അതേസമയം, സംഭവത്തെ ബിജെപിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. രാജി പ്രഖ്യാപനവും തുടർന്നുണ്ടായ സംഭവവികാസങ്ങളും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിമർശനവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *