തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതി നൽകിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്ന് ആരോപണം. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കൊല്ലത്തുനിന്ന് കൊച്ചി സിറ്റിയിലേക്കാണ് ഉദ്യോഗസ്ഥയെ മാറ്റിയത്. സംഭവത്തിൽ പരാതിക്കാരി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കത്ത് നൽകി.
കോൺഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെതിരെയാണ് വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയത്. കഴിഞ്ഞ നവംബറിൽ നൈറ്റ് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചവറ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
പ്രതിക്കെതിരായ നടപടി പിൻവലിച്ചു
നവാസിന്റെ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് പരാതിക്കാരിയുടെ സ്ഥലംമാറ്റമെന്നാണ് ആരോപണം. മാതൃജില്ലയായ ആലപ്പുഴയിൽ ട്രാഫിക് വിഭാഗത്തിലേക്കാണ് നവാസിനെ മാറ്റിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് ഇയാൾ സസ്പെൻഷനിലായിരുന്നു.
അന്വേഷണത്തിൽ വീഴ്ചയെന്നും ആരോപണം
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും നവാസിനെ സംരക്ഷിക്കാൻ ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. മതിയായ വകുപ്പുകൾ ഉൾപ്പെടുത്താതെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും തൊഴിലിടത്തെ ലൈംഗികാതിക്രമം തടയുന്നതിനുള്ള പോഷ് നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. പരാതിക്കാരിയെ സ്ഥലംമാറ്റിയ നടപടി പ്രതികാര നടപടിയാണെന്ന വിമർശനത്തിനിടെ, വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ് പരാതിക്കാരി.