സഹപ്രവർത്തകൻ വഴക്കിന് പിന്നാലെ നിറയൊഴിച്ചു,​ കാശ്‌മീരിൽ നാല് സിഐഎസ്എഫ് ജവാന്മാ‌ർക്ക് ജീവൻ നഷ്‌ടമായി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ കത്വവ ജില്ലയിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് ഒരു അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് സി.ഐ.എസ്.എഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഹിമാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന മഷ്‌ക ഗ്രാമത്തിൽ ബസോഹ്ലിയിലുള്ള സേവാ ജല വൈദ്യുത പദ്ധതിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന ജവാൻമാരാണ് കൊല്ലപ്പെട്ടത്.

രണ്ട് പേർക്കിടയിലെ തർക്കത്തിനിടെ ജവാൻ എ.കെ 47 തോക്കുപയോഗിച്ച് സഹപ്രവർത്തകർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്‌പെക്ടർ ലക്ഷ്മൺ സിംഗ്, കോൺസ്റ്റബിൾമാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാർ എന്നിവരെ ഹിമാചൽ പ്രദേശിലെ എൻ.എച്ച്.പി.സി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെടിവച്ച ഹെഡ് കോൺസ്റ്റബിൾ അവദേഷ് കുമാർ സിംഗിനെ കതുവ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് ആറരയ്ക്കാണ് സംഭവം.

ഡൽഹിയിലെ പാർലമെന്റ് ഹൗസ് മന്ദിരത്തിൽ അടക്കം നിർണായക ജോലികളിൽ നിയമിക്കപ്പെടുന്ന സി.ഐ.എസ്.എഫ് ജവമാൻമാരുടെ മാനസിക നില പരിശോധിക്കുമെന്ന് സേനാ വക്താവ് അറിയിച്ചു. പെരുമാറ്റത്തിലെ മാറ്റങ്ങൾ, കടുത്ത സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് സമയബന്ധിതമായ ഇടപെടൽ നടത്താൻ ഓഫീസർമാർക്കും യൂണിറ്റ് കമാൻഡർമാർക്കും പരിശീലനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *