ന്യൂഡൽഹി: രാജ്യം ഉത്സവ സീസണിലേക്ക് കടക്കുന്നതിനിടയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും വർദ്ധിപ്പിച്ചു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയാണ് വർദ്ധിപ്പിച്ചത്. വിവിധ നഗരങ്ങളിൽ വിലയിൽ വ്യത്യാസമുണ്ട്. വില കൂടിയതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി.
ഇന്ത്യൻ ഓയിലിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 62.50 രൂപ വർധിച്ച് 2,810 രൂപയായി. സെപ്റ്റംബറിൽ ഈ സിലിണ്ടറിന് 2,747.50 രൂപയായിരുന്നു വില.19 കിലോ ഗ്രാം സിലിണ്ടറിന് 62.50 രൂപയാണ് കൂടിയത്. മറ്റ് ചില നഗരങ്ങളിൽ വർധനവ് ഇതിലും കൂടുതലാണ്. മുംബൈയിൽ വില 2,701 രൂപയിൽ നിന്ന് 63 രൂപ വർധിച്ച് 2,764 രൂപയായി. ചെന്നൈയിൽ 66.50 രൂപ വർധിച്ച് 2,916.50 രൂപയിൽ നിന്ന് 2,983 രൂപയായി ഉയർന്നു. പാറ്റ്നയിലാണ് ഏറ്റവും ഉയർന്ന വർധന രേഖപ്പെടുത്തിയത്. ഇവിടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 71.50 രൂപ കൂടി 3,029 രൂപയിൽ നിന്ന് 3,100.50 രൂപയായി. ലഖ്നൗവിൽ വില 62.50 രൂപ വർധിച്ച് 2,932.50 രൂപയായി.
വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചതിനു ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. ഓഗസ്റ്റിലായിരുന്നു വിലക്കുറവ് പ്രഖ്യാപിച്ചത്. ഉത്സവ സീസൺ ആരംഭിക്കുന്നതിനാൽ രാജ്യമെമ്പാടും ഹോട്ടൽ ഭക്ഷണത്തിന് ഇനിയും വില വർദ്ധിക്കും. കാറ്ററിംഗ് സ്ഥാപനങ്ങളെയും ചെറുകിട ഹോട്ടലുകളെയും ബേക്കറികളെയും വിലവർദ്ധന പ്രതിസന്ധിയിലാക്കും.