അറബിക്കടലിൽ 3000 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട: അഞ്ച് പാകിസ്ഥാൻ പൗരന്മാർ പിടിയിൽ

മുംബയ്: അറബിക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൻ മയക്കുമരുന്ന് വേട്ട. ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തായി കോസ്റ്റുഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.

526 കിലോഗ്രാം ഹൈഗ്രേഡ് ഹെറോയിനും മെത്താംഫെറ്റാമൈനുമാണ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇറാനിയൻ പായ്ക്കപ്പലും അതിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാൻ സ്വദേശികളായ ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ 25 മുതൽ കോസ്റ്റ് ഗാർഡ് ഈ പായ്ക്കപ്പലിനെ നിരീക്ഷിച്ചുവരികയായിരുന്നു.

കസ്റ്റഡിയിലുള്ള പാക് പൗരന്മാരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തുടർനടപടികൾക്കുമായി മുംബയിലേയ്ക്ക് കൊണ്ടുവന്നതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. രാജ്യത്തിന്റെ തീരദേശസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സർക്കാരിന്റെ 'നശാ മുക്ത് ഭാരത് അഭിയാൻ' ലക്ഷ്യത്തിന് കരുത്തുപകരുന്ന ഈ ദൗത്യമെന്നും കോസ്റ്റ് ഗാ‌‌‌ർഡ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *