കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അസ്ഥികൾ ആദ്യം മൃഗത്തിന്റേതാണെന്ന് സംശയിച്ചു. എന്നാൽ വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ അസ്ഥികൾ മൃഗത്തിന്റേതല്ലെന്ന് വ്യക്തമായി.
തുടർന്ന് നടത്തിയ തിരച്ചിലിൽ തലയോട്ടിയും കണ്ടെത്തി. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ അസ്ഥികൂടം ആരുടേതാണെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതാകാമെന്ന സംശയവും പൊലീസ് ഉന്നയിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.