മന്ത്രി ജനീഷിനെതിരേ കണ്ണൂരില്‍ പ്രതിഷേധം ; വാഹനം ആക്രമിച്ചു കേടുവരുത്തി ; പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് ആരോപണം

കണ്ണൂര്‍: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരില്‍ വന്‍ പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇന്ന് രാവിലെ കണ്ണൂരിലും കാസര്‍ഗോട്ടുമായി അഞ്ചിടങ്ങളിലാണ് മന്ത്രിക്ക് വാഹനം നിര്‍ത്തേണ്ടി വന്നത്. തളിപ്പറമ്പില്‍ വാഹനം ആക്രമിക്കപ്പെട്ടതായി ആരോപണമുണ്ട്. തളിപ്പറമ്പ് കരിമ്പത്ത് വെച്ച് ഇരുപതോളം വരുന്ന ഒളിച്ചു നിന്ന ആളുകള്‍ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയും 'കൊല്ലടാ' എന്ന് ആക്രോശിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.

അതേസമയം വാഴത്തൈയ്യുമായാണ് പ്രതിഷേധിച്ചതെന്നും വാഴപ്പിണ്ടി ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചതെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. ഓടിയെത്തിയവര്‍ കല്ലുകൊണ്ട് ബോണറ്റില്‍ ആഞ്ഞിടിക്കുകയും കൈകൊണ്ട് ബോണറ്റില്‍ അടിക്കുകയും ചെയ്തതായിട്ടാണ് കോണ്‍ഗ്രസ് പറയുന്നത്. വാഹനത്തിന് മുന്നിലുള്ള ദേശീയപതാകയും കാറിന്റെ റെയിന്‍ഗാര്‍ഡില്‍ കേടുപാട് വരുത്തി. കണ്ണൂരിലെ ഔദ്യോഗിക പരിപാടികഴിഞ്ഞ് കാസര്‍ഗോട്ടേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

കരിങ്കൊടിയുമായി വന്ന സംഘം 'കൊല്ലടാ' എന്ന് ആക്രോശിച്ചുകൊണ്ട് വാഹനത്തിന് നേരെ പാഞ്ഞടുത്തെന്നാണ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ച കാര്യത്തില്‍ പൈലറ്റ് വാഹനം ദൂരെയായിരിക്കെയാണ് സംഭവം. തളിപ്പറമ്പ് സഫാരിപാര്‍ക്കുമായി ബന്ധപ്പെട്ട മീറ്റിംഗില്‍ പങ്കെടുത്ത് ശേഷം ഉച്ചകഴിഞ്ഞ് കാസര്‍ഗോഡ് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണം.

പയ്യന്നൂരില്‍ വെച്ചും മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും സന്ദീപ് വാര്യര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനെ പ്രതിരോധിച്ചതായിട്ടുമാണ് വിവരം. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പലയിടങ്ങളിലും മന്ത്രിക്ക് പ്രതിഷേധം നേരിടേണ്ടി വന്നു. കണ്ണൂരിന് പിന്നാലെ കാസര്‍ഗോഡ് ജില്ലയില്‍ നീലേശ്വരത്തും പ്രതിഷേധമുണ്ടായി. അക്രമത്തിന് പിന്നില്‍ ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകരാണെന്നാണ് യൂത്ത്കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.

ഇന്ന് രാവിലെയാണ് മന്ത്രി കണ്ണൂരില്‍ എത്തിയത്. തിരുവനന്തപുരം സംഘര്‍ഷത്തിന് ശേഷം ഡിവൈഎഫ് ഐ യുടെ നേതാക്കള്‍ ജനീഷ്‌കുമാറിനെതിരേ വെല്ലുവിളി നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇത്തരമൊരു അക്രമം ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. മന്ത്രി നേരിട്ട് മുന്നില്‍ നിന്നും നടത്തിയ അക്രമം എന്നായിരുന്നു ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഇടതു യുവജനസംഘടനകള്‍ ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *