കുംഭമേള വൈറൽ താരത്തിനാശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഭോപ്പാൽ: കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌‌ലെയുടെ ജനന തീയതി മാറ്റി നിയമപരമായ വിവാഹപ്രായത്തിന് താഴെയാക്കി കണക്കാക്കിയ ഉത്തരവ് മദ്ധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. യുവതിയെ കേൾക്കാതെ അധികൃതർക്ക് ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് നടൻ ഫർമാൻ ഖാനെ വിവാഹം ചെയ്തതിനുശേഷം മൊണാലിസയുടെ പിതാവ് നൽകിയ പരാതിക്കനുസരിച്ചാണ് ജനന തീയതി മാറ്റിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നാം ഹർജിക്കാരി സ്വന്തം ഇഷ്ടപ്രകാരം രണ്ടാം ഹർജിക്കാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനു ശേഷമാണ് പിതാവ് 'ആകാശവും ഭൂമിയും ഇളക്കിമറിക്കുന്ന' തരത്തിലുള്ള നടപടികളിലേക്ക് നീങ്ങിയതെന്ന് ജസ്റ്റിസ് ഗജേന്ദ്ര സിംഗ് നിരീക്ഷിച്ചു.

മഹേശ്വർ ചീഫ് മുനിസിപ്പൽ ഓഫീസർ മൊണാലിസയുടെ ജനന തീയതി തിരുത്തിയ മാർച്ച് 31ലെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2008 ജനുവരി ഒന്ന് എന്ന രേഖാപരമായ ജനന തീയതി മാറ്റി 2009 ഡിസംബർ 30 എന്നാണ് മാറ്റിയത്. ഇതോടെ വിവാഹസമയം മൊണാലിസയുടെ വയസ് 18ൽ നിന്ന് 16 ആവുകയായിരുന്നു. ഇക്കൊല്ലം മാർച്ച് 11നാണ് മൊണാലിസ വിവാഹിതയായത്. എന്നാൽ ഏത് ജനന തീയതിയാണ് ശരിയാണെന്നതിൽ കോടതി തീരുമാനമെടുത്തില്ല. മൊണാലിസയ്ക്ക് കാര്യമായ രീതിയിൽ വാദം അവതരിപ്പിക്കാൻ അവസരം നൽകിയ ശേഷം പിതാവിന്റെ അപേക്ഷ പുനഃപരിശോധിക്കാൻ അധികൃതരോട് കോടതി നിർദ്ദേശിച്ചു. എന്നാൽ കോടതി വിധി വിവാഹത്തെ സാധൂകരിക്കുകയോ ഭർത്താവിനെതിരായ ക്രിമിനൽ കേസ് റദ്ദാക്കുകയോ ചെയ്യുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *