ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വീണ്ടും നായകമാറ്റം. ട്വന്റി-20 ടീമിന്റെ ക്യാപ്ടൻ സൽമാൻ അലി ആഗയെ നായകസ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ താരത്തെ ടീമിൽ നിന്നും ഒഴിവാക്കി പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). പകരം ഓപ്പണർ സാഹിബ്സാദ ഫർഹാനെ പുതിയ ട്വന്റി-20 ക്യാപ്ടനായി നിയമിച്ചു. അടുത്തിടെ സമാപിച്ച ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ വെള്ളി മെഡലിലേക്ക് നയിച്ചതാണ് ഫർഹാന് നായകസ്ഥാനത്തേക്ക് വഴിയൊരുക്കിയത്. 2026 ട്വന്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഫർഹാനായിരുന്നു.
രണ്ടര വർഷത്തിനിടെ പാകിസ്ഥാന്റെ നാലാമത്തെ ട്വന്റി-20 ക്യാപ്ടനാണ് ഫർഹാൻ. ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ രണ്ടാംനിര ടീമിനെയാണ് ഫർഹാൻ നയിച്ചത്. ഫൈനലിൽ ഇന്ത്യയോട് തോറ്റാണ് പാകിസ്ഥാൻ വെള്ളി മെഡൽ നേടിയത്. സൽമാൻ അലി ആഗയെ നായകസ്ഥാനത്തുനിന്ന് നീക്കാനുള്ള കാരണം പി.സി.ബി വ്യക്തമാക്കിയിട്ടില്ല. എന്നാൽ 2028ലെ ട്വന്റി-20 ലോകകപ്പിനായി ടീമിനെ ഇപ്പോഴേ ഒരുക്കുന്നതിന്റെ ഭാഗമായാണ് മാറ്റമെന്നാണ് സൂചന. ഓസ്ട്രേലിയയും ന്യൂസിലൻഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതാണ് 2028ലെ ട്വന്റി-20 ലോകകപ്പ്.
സൽമാൻ അലി ആഗയുടെ നേതൃത്വത്തിൽ പാകിസ്ഥാൻ 50 ട്വന്റി-20 മത്സരങ്ങളിൽ 31 എണ്ണം വിജയിച്ചിരുന്നു. എന്നാൽ ഈ വർഷത്തെ ട്വന്റി-20 ലോകകപ്പിൽ സെമിഫൈനലിൽ എത്താൻ പോലും ടീമിനായില്ല. ഒക്ടോബർ 9, 11, 13 തീയതികളിൽ റാവൽപിണ്ടിയിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ട്വന്റി-20 മത്സരങ്ങൾക്കുള്ള 15 അംഗ ടീമിൽ മുൻ ക്യാപ്ടൻ ബാബർ അസമും പേസർ ഷഹീൻ ഷാ അഫ്രീദിയും ഇടം നേടിയില്ല. എന്നാൽ ഏകദിന ടീമിന്റെ നായകസ്ഥാനം ഷഹീൻ അഫ്രീദി തുടരും. ഒക്ടോബർ 18 മുതൽ റാവൽപിണ്ടിയിൽ ശ്രീലങ്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് പാകിസ്ഥാൻ ഏകദിന ടീം കളിക്കുക.
ട്വന്റി-20 ടീമിൽ നിന്ന് നേരത്തെ തഴഞ്ഞ മുതിർന്ന വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെയും ഏകദിന ടീമിൽ നിന്ന് ഒഴിവാക്കി. ടീമുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ പാക് സൈബർ ക്രൈം ഏജൻസി റിസ്വാനെതിരെ അന്വേഷണം നടത്തുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഓൾറൗണ്ടർ റസാവുള്ളയ്ക്ക് പാകിസ്ഥാന്റെ ട്വന്റി-20, ഏകദിന ടീമുകളിൽ ആദ്യമായി ഇടം ലഭിച്ചു. ടെസ്റ്റ് അരങ്ങേറ്റത്തിൽ 81 റൺസെടുത്ത താരം നാല് വിക്കറ്റും വീഴ്ത്തിയിരുന്നു.
പാകിസ്ഥാന്റെ 15അംഗ ട്വന്റി-20 ടീം
സാഹിബ്സാദ ഫർഹാൻ (ക്യാപ്ടൻ), അബ്ദുൽ സമദ്, അബ്രാർ അഹമ്മദ്, അരാഫത്ത് മിൻഹാസ്, ഫഖർ സമാൻ, ഹസൻ നവാസ്, മുഹമ്മദ് ഇമ്രാൻ, ഖ്വാജ നഫായ്, മാസ് സദാഖത്ത്, നസീം ഷാ, റസാവുള്ള, സയിം അയൂബ്, മുഹമ്മദ് സൽമാൻ മിർസ, ഷദാബ് ഖാൻ, സുഫിയാൻ മുഖീം.