ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരെ വധഭീഷണി. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിലാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് ആരോപണം. ഏഴ് കോടി രൂപയാണ് അജ്ഞാതൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
തിലക് നഗർ എംഎൽഎ ജർണയിൽ സിംഗാണ് ഭീഷണിയെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചത്. വിദേശത്ത് ബന്ധങ്ങളുള്ള ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗമാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് തനിക്ക് ഫോൺ കോളും വാട്സ്ആപ്പ് സന്ദേശവും ലഭിച്ചതായി അദ്ദേഹം ഡൽഹി പോലീസിനോട് പറഞ്ഞു.
നവംബർ 6-ന് പഞ്ചാബിലെ മൊഹാലി പോലീസിൽ നൽകിയ പരാതിയിൽ, ഏഴ് കോടി രൂപ നൽകണമെന്നും പണം നൽകിയില്ലെങ്കിൽ കെജ്രിവാളിനെയും മകൾ ഹർഷിത കെജ്രിവാളിനെയും കൊലപ്പെടുത്തുമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി ജർണയിൽ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.