ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിയമനിർമാണ സഭകൾക്ക് നിർദേശവുമായി ഹൈക്കോടതി

കൊച്ചി: കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ പ്രായപരിധി 18ൽ നിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണ സഭകൾ പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. 16 വയസാകുമ്പോഴേക്കും കുട്ടികൾക്ക് മതിയായ മാനസിക പക്വത കൈവരിക്കുന്നുവെന്ന നിലവിലെ പ്രവണതകൾ കണക്കിലെടുത്ത് നിയമങ്ങളിൽ ഉചിതമായ ഭേദഗതി വരുത്തേണ്ട സമയമായെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. പ്രായം കേസുകളിൽനിന്ന് രക്ഷപ്പെടാനുള്ള പഴുതായി മാറുന്ന സാഹചര്യമുണ്ടെന്നും വൈകാരികമായല്ല, നിയമപരമായാണ് കോടതികൾക്ക് നടപടിയെടുക്കാനാകുകയെന്നും കോടതി ചൂണ്ടിക്കാട്ടി.

23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും കർശനമായി തടയണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേരള അബ്കാരി നിയമത്തിലെ 15A, 15B വകുപ്പുകൾ പ്രകാരം 23 വയസിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ബാറുകളിലും മറ്റ് മദ്യശാലകളിലും നിയമം ലംഘിക്കപ്പെടുകയാണെന്നാണ് ഹർജിയിലെ ആരോപണം.

നെടുമ്പാശ്ശേരിയിൽ 19കാരൻ മദ്യപിച്ച് മിനി കൂപ്പർ കാർ ഓടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവും കോടതി പരിഗണിച്ചു. 18 വയസിൽ താഴെയുള്ളവർ പോലും മദ്യപിച്ച് വാഹനമോടിച്ച് മാരകമായ അപകടങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യം ഗൗരവമായി കാണേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് നിയന്ത്രണമില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യം ആശങ്കാജനകമാണെന്നും വിശദമായ വാദം കേൾക്കേണ്ട വിഷയമാണെന്നും കോടതി വ്യക്തമാക്കി.

മദ്യനിരോധന വ്യവസ്ഥകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണറോട് കോടതി നിർദേശിച്ചിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഹർജി നവംബർ 24ന് വീണ്ടും പരിഗണിക്കും.

അതേസമയം, ജുവനൈൽ പ്രായപരിധി 16 ആയി കുറയ്ക്കണമെന്നത് കോടതിയുടെ നിരീക്ഷണം മാത്രമാണ്. നിലവിലെ നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് നിയമനിർമാണ സഭകളാണ്.

Leave a Reply

Your email address will not be published. Required fields are marked *