ഫോൺ ഗ്യാലറിയിലെ ചിത്രങ്ങളും വീഡിയോകളും മെറ്റ ചോർത്തുന്നു? ലഭിച്ചത് വൻ ശിക്ഷ

​​​​റോം: ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് മെറ്റയ്‌ക്ക് 805 ദശലക്ഷം യൂറോ (887 മില്യൺ ഡോളർ) പിഴ ചുമത്തി ഇറ്റലി. രാജ്യത്തെ ഡേറ്റാ സംരക്ഷണ അതോറിറ്റിയായ ഗാരന്റെയാണ് പിഴ ചുമത്തിയത്. ഇന്നലെയാണ് മെറ്റയ്‌ക്കെതിരെയുള്ള നടപടികൾ അധികൃതർ പ്രഖ്യാപിച്ചത്. ഇറ്റാലിയൻ ഡേറ്റ സംരക്ഷണ അതോറിറ്റി ഒരു കമ്പനിക്ക് മേൽ ചുമത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ പിഴയാണിത്.

ഫേസ്‌ബുക്ക് വഴി ഉപയോക്താക്കളുടെ ഫോണിലെ ഫോട്ടോകളും വീഡിയോകളും മതിയായ സമ്മതമില്ലാതെ ആക്‌സസ് ചെയ്‌തെന്നാണ് കണ്ടെത്തൽ. ഇറ്റലിയിലെ ഏകദേശം രണ്ട് കോടി ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണിതെന്നാണ് കണ്ടെത്തൽ. ഫേസ്‌ബുക്കിൽ ബ്രൗസ് ചെയ്യുമ്പോൾ ഫോൺ ഗ്യാലറിയിലുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളായി പങ്കുവക്കാൻ നിർദേശിക്കുന്ന ഫീച്ചറാണ് വിവാദമായത്. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഫോൺ ഗ്യാലറിയിലെ ചിത്രങ്ങളിലേക്കും വീഡിയോകളിലേക്കും പ്രവേശിക്കാനുള്ള അനുമതി മെറ്റ നേടിയെടുത്തതെന്ന് ഗ്യാരന്റെ ആരോപിക്കുന്നു.

എന്നാൽ, പിഴയ്‌ക്കെതിരെ അപ്പീൽ നൽകുമെന്നാണ് മെറ്റ അറിയിക്കുന്നു. അതോറിറ്റിയുടെ കണ്ടെത്തലുകളോടും പിഴത്തുകയോടും വിയോജിക്കുന്നതായും കമ്പനി വ്യക്തമാക്കി. ഫേസ്‌ബുക്കിൽ ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ പങ്കുവയ്‌ക്കാൻ സഹായിക്കുന്ന ഫീച്ചറാണിതെന്നാണ് മെറ്റയുടെ വിശദീകരണം. ഈ ഫീച്ചർ പ്രവർത്തിക്കണമെങ്കിൽ ഉപയോക്താക്കളുടെ അനുമതി ആവശ്യമാണ്. ആവശ്യമെങ്കിൽ ഫോണിലെ സെറ്റിം‌ഗ്‌സിലൂടെ ഈ അനുമതി മാറ്റാനും കഴിയുമെന്ന് മെറ്റ വക്താവ് അറിയിച്ചു.

യൂറോപ്യൻ യൂണിയന്റെ ഇ-പ്രൈവസി നി‌ർദേശങ്ങൾ നടപ്പാക്കുന്ന ഇറ്റാലിയൻ നിയമങ്ങൾ മെറ്റ ലംഘിച്ചതായാണ് ഗ്യാരന്റെയുടെ കണ്ടെത്തൽ. കേസിൽ ഇറ്റലിക്ക് അധികാരമില്ലെന്ന മെറ്റയുടെ വാദവും അതോറിറ്റി തള്ളി. ഇത്തരം കേസുകൾ അയർലൻഡിലെ ഡേറ്റാ സംരക്ഷണ അതോറിറ്റിക്ക് കൈമാറാനുള്ള വ്യവസ്ഥ ഇ-പ്രൈവസി നിയമങ്ങളിൽ ഇല്ലെന്നും ഗ്യാരന്റെ വ്യക്തമാക്കി.

കേസിന്റെ വ്യാപ്‌തി, 2019ൽ മെറ്റയ്‌ക്കെതിരെ സ്വീകരിച്ച നടപടി, അന്വേഷണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ പരിമിതമായ സഹകരണം എന്നിവ പരിഗണിച്ചാണ് പിഴ നിശ്ചയിച്ചത്. അടുത്ത 60 ദിവസത്തിനുള്ളിൽ ഈ ഫീച്ചർ ഉപയോക്താക്കളിൽനിന്ന് വ്യക്തമായ സമ്മതം വാങ്ങണമെന്നും ഗ്യാരന്റെ നിർദേശിച്ചു.

2025ലാണ് ഇതിന്മേലുള്ള അന്വേഷണം ആരംഭിച്ചത്. എന്നാൽ, ഉപയോക്താക്കളുടെ ഫോട്ടോകളും വീഡിയോകളും എഐ മോഡലുകളുടെ പരിശീലനത്തിന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് മെറ്റ പരിശോധിച്ചിട്ടില്ല. ഗ്യാലറിയിലെ വിവരങ്ങൾ ക്ലൗഡിൽ പ്രോസസ് ചെയ്യുന്ന പുതിയ ഫീച്ചറിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താനുള്ള സാദ്ധ്യതയും ഗ്യാരന്റെ വ്യക്തമാക്കിയിട്ടുണ്ട്.

തുടർച്ചയായ രണ്ടാം മാസമാണ് മെറ്റയ്‌ക്ക് വലിയ പിഴ ലഭിക്കുന്നത്. കഴിഞ്ഞ മാസം ന്യൂ മെക്‌സിക്കോയിലെ കോടതി ഉപയോക്താക്കളുടെ ഡേറ്റ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് വർഷങ്ങളായി കമ്പനി തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് 25 ബില്യൺ ഡോളർ പിഴ ചുമത്തിയെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *