20 കോടിയില്‍ നിര്‍മിച്ചുനല്‍കിയ പിതൃമന്ദിരം ഉദ്‌ഘാടനത്തിന്‌; ഗാന്ധിഭവനിലെ അച്ഛന്മാര്‍ക്ക് യൂസഫലിയുടെ സ്‌നേഹത്തണല്‍

കൊച്ചി: പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അച്‌ഛന്മാര്‍ക്കായി ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി നിര്‍മിച്ചുനല്‍കുന്ന അത്യാധുനിക പിതൃമന്ദിരം ഉദ്‌ഘാടനത്തിനൊരുങ്ങി. 20 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ മന്ദിരത്തില്‍ അന്തേവാസികള്‍ക്ക്‌ മെച്ചപ്പെട്ട താമസസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. നാല്‍പതിനായിരത്തോളം ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തില്‍ നാല്‌ നിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനില മന്ദിരം 250 പുരുഷ അന്തേവാസികള്‍ക്ക്‌ തണലാകും.ഡോര്‍മിറ്ററി സൗകര്യം, പ്രാര്‍ഥനാ മുറികള്‍, ലൈബ്രറി, ഡൈനിങ്‌ ഹാള്‍, നഴ്‌സിങ്‌ റൂം, പ്രത്യേക പരിചരണ മുറി എന്നിവയടക്കം അത്യാധുനിക സൗകര്യമൊരുക്കിയാണ്‌ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്‌.

450 പേര്‍ക്ക്‌ ഇരിക്കാവുന്ന ശീതീകരിച്ച വിശാലമായ ഇന്‍ഡോര്‍ ഓഡിറ്റോറിയം, രോഗികളെ വഹിക്കാന്‍ കഴിയുന്ന രണ്ട്‌ സ്‌ട്രെച്ചര്‍ ലിഫ്‌റ്റുകള്‍, വാഹന പാര്‍ക്കിങ്‌ സൗകര്യം എന്നിവ പ്രത്യേകതയാണ്‌. മന്ദിരത്തിന്റെ ആദ്യനിലയില്‍ പ്രാര്‍ഥനാമുറികളും വിശാലമായ ഹാളും ഓഫീസ്‌ മുറിയും ഉള്‍ക്കൊള്ളുന്നു. ഇവിടെ വായനാമുറിയുമുണ്ട്‌. മുഴുവന്‍ സമയ പരിചരണത്തിനായി നഴ്‌സിങ്‌ സൗകര്യവും. കിടപ്പുരോഗികള്‍ക്ക്‌ പ്രത്യേകം ക്രമീകരിക്കാന്‍ സാധിക്കുന്ന തരത്തില്‍ അഡ്‌ജസ്‌റ്റബിള്‍ ബെഡ്‌ ഉള്‍പ്പെടെയാണ്‌ 250 കിടക്കകള്‍ ഒരുക്കിയിരിക്കുന്നത്‌.

വീല്‍ചെയറുകളും പാലിയേറ്റീവ്‌ സൗകര്യങ്ങളും മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്‌. കൂടാതെ ഫാര്‍മസിയും ലബോറട്ടറി സംവിധാനവും ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശുചിമുറി സൗകര്യങ്ങളും ഉള്‍പ്പെടുന്നു.

150 പേര്‍ക്ക്‌ ഒരേ സമയം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഡൈനിങ്‌ ഏരിയയും പിതൃമന്ദിരത്തിന്റെ പ്രത്യേകതയാണ്‌. കെട്ടിടങ്ങള്‍ നിര്‍മിച്ചതിനു പുറമേ ഗാന്ധിഭവനിലെ അച്‌ഛനമ്മമാരുടെ ക്ഷേമത്തിനായി ഇതുവരെ യൂസഫലി 11.75 കോടിയുടെ സഹായം നല്‍കിയിട്ടുണ്ടെന്നും ഗാന്ധിഭവന്‍ സ്‌ഥാപകനും മാനേജിങ്‌ ട്രസ്‌റ്റിയുമായ പുനലൂര്‍ സോമരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *