ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ സമാജ്വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കിടെ പൂവിതളുകൾ വർഷിച്ചിരുന്ന ബുൾഡോസർ കയറിയിറങ്ങി 12-കാരൻ മരിച്ചു. ചൗരി ചൗരയിലെ രാജധാനി ഗ്രാമവാസിയായ ആര്യവർദ്ധൻ സിംഗ് ആണ് മരിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ എസ്.പിയുടെ 'പി.ഡി.എ രഥയാത്ര നടക്കുന്നതിനിടെ കൂടാഘട്ട് പ്രദേശത്താണ് അപകടമുണ്ടായത്.
ആര്യവർദ്ധന്റെ പിതാവ് ഓംകാർ സിംഗ് പ്രാദേശിക ബിജെപി നേതാവാണ്.ഘോഷയാത്രയ്ക്ക് നേരെ പൂവിതളുകൾ വർഷിച്ചുകൊണ്ടിരുന്ന ബുൾഡോസറാണ് മകനെ ഇടിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം മുന്നോട്ട് പോയതിന് പിന്നാലെ അമിതവേഗതയിൽ എത്തിയ ബുൾഡോസർ കുട്ടിയെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് സഹോദരിയെ കൂട്ടിക്കൊണ്ടുവരാനായി മകൻ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ഓംകാർ സിംഗ് പറഞ്ഞു. അഖിലേഷ് യാദവിന് നേരെ പിന്നിൽ നിന്ന് പൂക്കൾ വർഷിക്കുന്നതിനായി ജെ.സി.ബി അമിതവേഗതയിൽ വാഹനവ്യൂഹത്തെ പിന്തുടരുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന ആര്യവർദ്ധന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയും കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയും ചെയ്തതായി പിതാവ് ആരോപിച്ചു.
ഇടിയുടെ ആഘാതത്തിൽ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ ഉത്തർപ്രദേശ് ബിജെപി രൂക്ഷമായി പ്രതികരിച്ചു. റോഡ് ഷോയുടെ ക്രമീകരണങ്ങളിൽ ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് ആരോപിച്ച ബിജെപി, ഘോഷയാത്രയ്ക്കിടെയുള്ള എസ്.പി പ്രവർത്തകരുടെ പെരുമാറ്റത്തെയും വിമർശിച്ചു. അഖിലേഷ് യാദവിന് നൽകിയ സ്വീകരണത്തിന്റെ ഭാഗമായി പൂക്കൾ വർഷിക്കുന്ന ബുൾഡോസർ ഉൾപ്പെടുത്തിയ പാർട്ടിയുടെ പി.ഡി.എ രഥയാത്രയ്ക്കിടെയാണ് ഈ ദാരുണ സംഭവം നടന്നത്.