എസ്എൻഡിപി തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ഡല്‍ഹി: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ വെള്ളാപ്പള്ളി നടേശൻ വിഭാഗത്തിന് അനുകൂല നിലപാടുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സംസ്ഥാന കമ്പനി നിയമം എസ്എൻഡിപി യോഗത്തിന് ബാധകമല്ലെന്ന കമ്പനി കാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടാണ് കേന്ദ്രം കോടതിയിൽ സമർപ്പിച്ചത്.

1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് എസ്എൻഡിപി യോഗത്തിന് ബാധകമല്ലെന്നും 2013ലെ കേന്ദ്ര കമ്പനി നിയമത്തിന്റെ പരിധിയിലാണ് യോഗം വരുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

മാപ്പുകൾ കാണുക

1974ൽ അനുവദിച്ച 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന വോട്ടിങ് രീതി ഇപ്പോഴും നിലനിൽക്കുന്നതാണെന്നും കമ്പനി കാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അംശുമാൻ പട്നായിക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പ്രാതിനിധ്യ വോട്ടവകാശം അംഗീകരിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, എസ്എൻഡിപി യോഗത്തിന് സംസ്ഥാന നിയമമാണ് ബാധകമാകേണ്ടതെന്നാണ് ഹർജിക്കാരുടെ വാദം. പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി വാദം കേൾക്കുന്നത്.

കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി. സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട് വെള്ളാപ്പള്ളി നടേശൻ വിഭാഗത്തിന്റെ നിലപാടിന് അനുകൂലമായതിനാൽ തെരഞ്ഞെടുപ്പ് കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *