ഇന്ത്യൻ വ്യോമാതിർത്തി കടന്ന് ​ചൈനീസ് സൈനികവിമാനം: 25 മിനിറ്റോളം ആകാശത്ത് ചുറ്റിക്കറങ്ങിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ അതിർത്തി മേഖലയിൽ ചൈനീസ് സൈനികവിമാനം എത്തിയതായി റിപ്പോർട്ട്. ഈ മാസം 12-ന് രാവിലെയാണ് സിക്കിമിലെ ഇന്ത്യൻ വ്യോമാതിർത്തിയിൽ വിമാനം പ്രവേശിച്ചതെന്നാണ് വിവരം. സിലിഗുരി ഇടനാഴിക്ക് സമീപം ഏകദേശം 25,000 അടി ഉയരത്തിൽ സഞ്ചരിച്ച വിമാനം 20 മുതൽ 25 മിനിറ്റോളം മേഖലയിൽ തുടർന്നതായാണ് ഔട്ട്‌ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ത്യൻ വ്യോമസേന മടങ്ങാൻ മുന്നറിയിപ്പ് നൽകിയെങ്കിലും ഉടൻ പിന്മാറിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സുരക്ഷാ സാഹചര്യം സംബന്ധിച്ച ആശങ്കകൾ ഉയരുന്നുണ്ട്. എന്നാൽ ചൈനീസ് വിമാനം ഏത് വിഭാഗത്തിൽപ്പെട്ടതാണെന്നോ കൃത്യമായി ഏതെല്ലാം മേഖലകളിലൂടെയാണ് സഞ്ചരിച്ചതെന്നോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിമാനം എപ്പോഴാണ് ഇന്ത്യൻ വ്യോമാതിർത്തി വിട്ടതെന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവത്തെക്കുറിച്ച് ഇന്ത്യൻ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന സിലിഗുരി ഇടനാഴി രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാന ഗതാഗതബന്ധമാണ്.

ചൈനീസ് സൈനികവിമാനങ്ങൾ ഇന്ത്യൻ അതിർത്തിക്ക് സമീപം എത്തുന്നത് ഇതാദ്യമല്ല. 2022 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ മേഖലയോട് ചേർന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഇന്ത്യൻ റഡാർ സംവിധാനങ്ങൾ വിമാനം കണ്ടെത്തിയതിനെത്തുടർന്ന് പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. സംഭവത്തിൽ ചൈനീസ് അധികൃതരെ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *