തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച സ്വർണക്കവർച്ച കേസിൽ ഒരാൾക്കൂടി പൊലീസ് കസ്റ്റഡിയിൽ. മാളവിക ജുവലറി ഉടമ ജയറാമിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. മോഷണത്തിനിരയായ വൈഷ്ണവി ജുവലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിൽ അസൂയും പകയും കൊണ്ടാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വൈഷ്ണവി ജുവലറിയുടെ സമീപത്താണ് മാളവിക ജുവലറി. സംഭവത്തിൽ ചാലയിലെ സ്വർണ ഏജന്റ് മഹാരാഷ്ട്ര സ്വദേശി അമോൽ ഉൾപ്പടെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയറാമും അമോലും ചേർന്ന് നന്ദകുമാറിന്റെ ബിസിനസ് തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കവർച്ചയെന്ന് അന്വേഷണ സംഘം പറയുന്നു. മൂന്ന് പ്രതികളെ വയനാട്ടിൽ നിന്നാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരം ലഭിച്ചത്.
പ്രതികളെ മണിക്കൂറിനകം പിടികൂടാനായത് ബൈക്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്. ബാഗ് പൊട്ടിച്ചെടുത്ത സംഘം സഞ്ചരിച്ചത് ബുള്ളറ്റിലായിരുന്നെന്നാണ് ജൂവലറി ഉടമ നന്ദകുമാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കറുപ്പും മഞ്ഞയും നിറമുള്ള ഹോണ്ട സി.ബി 350 ബൈക്കിലാണ് പ്രതികളെത്തിയതെന്ന് വ്യക്തമായത്.
ഈ മോഡലിലുള്ള ബൈക്കുകൾ വളരെ കുറച്ചുപേർക്ക് മാത്രമേയുള്ളൂ എന്നതിനാൽ ഈ വാഹനങ്ങളുടെ ആർ.സി ഉടമകളുടെ വിവരം പൊലീസ് അന്വേഷിച്ചു. അങ്ങനെയാണ് നഗരത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ മുമ്പ് ഉൾപ്പെട്ടിരുന്ന അനിലിന്റെ പേരിൽ ഇത്തരമൊരു ബൈക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ഇയാളെക്കുറിച്ച് അന്വേഷിച്ചെങ്കിലും ഏറെനാളായി എറണാകുളത്താണ് താമസമെന്ന് കണ്ടെത്തി.
എന്നാൽ ഇയാളുടെ മൊബൈൽ ഫോൺ നമ്പർ സംഭവദിവസം ചാല മേഖലയിലെ ടവർ ലൊക്കേഷനിൽ കണ്ടെത്തിയതോടെ അന്വേഷണം ഇയാളിലേക്ക് തിരിഞ്ഞു. എന്നാൽ മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലായതിനാൽ ഇവരുടെ യഥാർത്ഥ ലൊക്കേഷൻ കണ്ടെത്താൻ സാധിച്ചില്ല. മാത്രമല്ല, സംഭവ സമയത്തിന് മണിക്കൂറുകൾക്ക് മുമ്പ് റെയ്ഞ്ചിൽ കണ്ട മറ്റുചില നമ്പറുകൾ കൂടി പൊലീസ് പരിശോധിച്ചു. അങ്ങനെയാണ് പ്രതികളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിച്ചത്.
നന്ദകുമാറിൽനിന്ന് സ്വർണം തട്ടിയെടുക്കുന്നതിനായി മോഷണക്കേസുകളിലെ പ്രതിയായ അനൂപിനെയാണ് അമോൽ ഒപ്പം കൂട്ടിയത്. തുടർന്ന് അനൂപ് മറ്റൊരു പ്രതിയായ അനിലുമായി ചേർന്ന് കവർച്ചയ്ക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. മോഷണം നടന്ന വ്യാഴാഴ്ച രാവിലെ അമോലിന്റെ ഉടമസ്ഥതയിലുള്ള പഴയ ചാലയിലെ ആറ്റുകാൽ ഗോൾഡ് സർവീസ് ഏജൻസിയിൽവച്ച് പ്രതികൾ കവർച്ച പ്ലാൻ തയ്യാറാക്കി. തുടർന്ന് നന്ദകുമാറിന്റെ കടയിലെത്തിയ അമോൽ 15 ലക്ഷം രൂപയുടെ സ്വർണം അവിടെവിറ്റ് പണം വാങ്ങി. വൈകിട്ട് ഈ സ്വർണം ഉൾപ്പെടെയുള്ളവയുമായി നന്ദകുമാർ വീട്ടിലേക്ക് പോകുമെന്നും അമോൽ ഉറപ്പുവരുത്തി.
നന്ദകുമാർ കടയിൽ നിന്ന് ഇറങ്ങിയ വിവരം കവർച്ചാ സംഘമായ അനിലിനും അനൂപിനും ചോർത്തി നൽകിയത് പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട ശ്രാവണാണ്. കവർച്ച നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതികൾ ഇതേ രീതിയിൽ ട്രയൽ റൺ നടത്തുകയും ചെയ്തിരുന്നു.