ഹോളിവുഡ് നടന് ഫഹദ് ഫാസിലുമായി സാമ്യം; ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് അമ്പരന്ന് മലയാളികൾ

അലഹാൻഡ്രോ ഗോൺസാലസ് സംവിധാനം ചെയ്യുന്ന ഡാർക്ക് കോമഡി ചിത്രമായ ഡിഗിലിൽ ടോം ക്രൂസിനൊപ്പം റിസ് അഹമ്മദും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ ഗണേഷ് എന്ന ശാസ്‌ത്രജ്ഞനായാണ് റിസ് അഹമ്മദെത്തുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിയത് മലയാളികളാണ്. ഉയർന്ന നെറ്റി, നേർത്ത മീശ, വലിയ കണ്ണട, ചീകിയൊതുക്കിയ മുടി എന്നിവയോടുകൂടിയ റിസിന്റെ ലുക്കിന് നടൻ ഫഹദ് ഫാസിലുമായി സാമ്യമുണ്ടെന്ന് ഉറപ്പിച്ചുപറയുകയാണ് സോഷ്യൽ മീഡിയ.

2025ൽ ഫഹദ് ഫാസിൽ ഇതേ ചിത്രത്തിലെ ഒരു വേഷത്തിനായി ഓ‌ഡിഷൻ നൽകിയിരുന്നുവെന്നതും ഈ താരതമ്യത്തിന് കൂടുതൽ ശ്രദ്ധ നൽകി. ഫഹദ് ഫാസിലുമായുള്ള സാമ്യത്തെക്കുറിച്ച് റിസ് അഹമ്മദ് ഒരു മാദ്ധ്യമത്തോട് തുറന്നുസംസാരിക്കുകയും ചെയ്‌തു. ഗണേഷ് എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലമായി കേരളത്തെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

'ഗണേഷ് എന്ന പേര് ദക്ഷിണേന്ത്യൻ കുടിയേറ്റ സമൂഹങ്ങളിൽ സാധാരണമാണ്. ചില സമൂഹങ്ങളിൽ ഇത് കുടുംബപ്പേരായും ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് കഥാപാത്രത്തിന്റെ സ്വദേശമായി കേരളത്തെ തിരഞ്ഞെടുത്തത്'- റിസ് പറഞ്ഞു. കഥാപാത്രത്തിന് പരിസ്ഥിതിയുമായും കടലുമായും ബന്ധമുള്ളതിനാലാണ് ഈ പശ്ചാത്തലം തിരഞ്ഞെടുത്തതെന്നും റിസ് കൂട്ടിച്ചേർത്തു.

'ഫഹദ് ഫാസിലിന്റെ സിനിമകൾ ഞാൻ കണ്ടിട്ടില്ല. എന്നാൽ, ഇനിമുതൽ അദ്ദേഹത്തിന്റെ സിനിമകൾ തീർച്ചയായും കാണും. ദക്ഷിണേന്ത്യയിൽ നിരവധി താരങ്ങളുള്ള അതിശയകരമായ ഒരു സിനിമാ വ്യവസായമുണ്ട്. ഇന്ത്യയിൽനിന്നുള്ള കൂടുതൽ സിനിമകൾ കാണാനും അവിടെ നടക്കുന്ന കാര്യങ്ങൾ അറിയാനും എനിക്ക് എപ്പോഴും താൽപര്യമുണ്ട്'- റിസ് പറഞ്ഞു.

2025ൽ സംവിധായകൻ ഇന്യാറിത്തുവിന്റെ ചിത്രത്തിലെ ഒരു വേഷത്തിനായി താനുമായി ചർച്ചകൾ നടന്നിരുന്നതായി ഫഹദ് ഫാസിൽ കുറച്ചുനാൾ മുൻപ് തുറന്നുപറഞ്ഞിരുന്നു. തന്റെ ഇംഗ്ലീഷ് ആക്‌സന്റായിരുന്നു പ്രധാന പ്രശ്‌നമെന്നും ഫഹദ് പറഞ്ഞിരുന്നു. ആക്‌സന്റ് മെച്ചപ്പെടുത്തുന്നതിനായി നാല് മാസത്തോളം അമേരിക്കയിൽ താമസിക്കേണ്ടിവരുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നെന്നും എന്നാൽ, അതിനുള്ള ചെലവ് വഹിക്കാൻ അവർ തയ്യാറല്ലായിരുന്നെന്നുമാണ് ഫഹദ് വ്യക്തമാക്കിയത്.

'അദ്ദേഹം എന്നെ നിരസിച്ചതായിരുന്നില്ല. എന്റെ ആക്‌സന്റിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ആക്‌സന്റ് പൂർണമായി മെച്ചപ്പെടുത്താൻ അമേരിക്കയിൽപ്പോയി മൂന്നാല് മാസം താമസിക്കണമെന്ന് എന്നോട് പറഞ്ഞു. എന്നാൽ, അതിനുള്ള ചെലവ് വഹിക്കാൻ അവർ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് ഞാനാ അവസരം ഒഴിവാക്കിയത്. അല്ലായിരുന്നെങ്കിൽ ഞാൻ സന്തോഷത്തോടെ പോയേനെ. എന്നാൽ, സാമ്പത്തികമായി അത് സാദ്ധ്യമായിരുന്നില്ല. ആക്‌സന്റിനായി ഇത്രധികം പരിശ്രമിക്കണമെന്ന തോന്നൽ എനിക്കുണ്ടായിരുന്നില്ല'- ഫഹദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *