വടശ്ശേരിക്കര : വന്യജീവി ശല്യത്തിൽനിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കുന്നതിനായി ലഭ്യമായ എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്തുമെന്ന് അഡ്വ. പഴകുളം മധു എം.എൽ.എ. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നബാർഡ് സഹായത്തോടെ റാന്നി – വടശ്ശേരിക്കര ഒളികല്ലിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സോളാർ ഫെൻസിംഗ്, ഇലക്ട്രിക് ഫെൻസിംഗ്, ട്രഞ്ച് തുടങ്ങിയ പരമ്പരാഗത പ്രതിരോധ മാർഗങ്ങൾ വിജയിക്കാത്ത പശ്ചാത്തലത്തിലാണ് എ.ഐ സംവിധാനം പരീക്ഷിക്കുന്നത്. വെളിച്ചവും ശബ്ദവും പുറപ്പെടുവിക്കുന്ന ഈനവീന സാങ്കേതികവിദ്യ വിജയകരമാണെന്ന് കണ്ടാൽ റാന്നി മണ്ഡലത്തിൽ വ്യാപകമായി സ്ഥാപിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.
വന്യജീവി സാന്നിദ്ധ്യം മുൻകൂട്ടി തിരിച്ചറിയാനും പ്രദേശവാസികൾക്ക് സമയബന്ധിതമായി മുന്നറിയിപ്പ് നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കും. വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ഉഷാ കേശവൻ അദ്ധ്യക്ഷയായിരുന്നു. റാന്നി ഡി.എഫ്.ഒ എൻ.രാജേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സാബു, വടശ്ശേരിക്കര റേഞ്ച് ഓഫീസർമാരായ രഞ്ജിത്ത്.ജി.എസ്, ശുഹൈബ്.വി.എസ്, അനൂപ് സ്റ്റീഫൻ, സ്വപ്ന സൂസൻ, സാലി മാത്യു, ലിജു ജോർജ്, മണിയാർ രാധാകൃഷ്ണൻ, അജേഷ് മണപ്പാട്ട്, സന്തോഷ്, തോമസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.