ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തബാധ; 100 പേ‌ർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: വണ്ടൂർ ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി 100 പേർക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചു. കാളികാവ് ജംഗ്ഷനിലെ കൊച്ചുകുടി ഹോം അപ്ലയൻസസ് ഉടമ പെരുന്തറ സ്വദേശി അച്ചിപ്ര സത്താർ (45) മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞദിവസം മരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്.

വണ്ടൂർ – മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തത്. നിലവിൽ ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചിട്ടുണ്ട്. കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനായി ദൂരസ്ഥലങ്ങളിൽനിന്നെത്തിയവരുടെ വിവരങ്ങൾ പൂർണമായി ശേഖരിക്കാനായിട്ടില്ല. സെപ്തംബർ ഒന്നിനും 18നും ഇടയിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

രോഗലക്ഷണങ്ങളുള്ളവർ ഉടൻ ചികിത്സ തേടണമെന്നും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രോഗബാധിതപ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ ഹെൽത്ത് സ്‌ക്വാഡുകൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തുകളിലെ മുഴുവൻ കടകളിലും ഹോട്ടലുകളിലും പരിശോധന ആരംഭിച്ചു. വീടുകളിൽ ക്ലോറിനേഷൻ ഉറപ്പാക്കാനും നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *