ഉന്തുവണ്ടിയിലെ കപ്പലണ്ടി കച്ചവടത്തിന് ‘എഐ’, ദിവസലാഭം 1000 രൂപ

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് മുന്നിലെ മോഹനന്റെ ഉന്തുവണ്ടിയിൽ ഇപ്പോൾ സാങ്കേതികവിദ്യയുടെ സ്പർശമുണ്ട്. ചട്ടിയിലേക്ക് കപ്പലണ്ടിയിട്ട്, പാകമാകുമ്പോൾ കോരിയെടുത്ത് പൊതിഞ്ഞു നൽകുന്ന പണി മാത്രമേ മോഹനനുള്ളൂ. ബാക്കി​ പണി​ ചീനച്ചട്ടിയിൽ കറങ്ങുന്ന ഇരുമ്പുപാത്തി​ ചെയ്യും.

നാലു പതിറ്റാണ്ടിലേറെ നീണ്ട കപ്പലണ്ടി കച്ചവടത്തിനിടയിൽ പിടിപെട്ട കടുത്ത തോളെല്ല് വേദനയ്ക്ക് മുന്നിൽ തോറ്റുകൊടുക്കാതെ അതിന് പ്രതിവിധി കണ്ട് മുന്നേറുകയാണ് ആലുവ മാറമ്പിള്ളി ആലുങ്കപ്പറമ്പ് വീട്ടിൽ മോഹനൻ(61). കൈകൊണ്ട് ഇളക്കുന്ന ചട്ടുകത്തിന് പകരം ചീനച്ചട്ടിയിൽ തനിയെ കറങ്ങി കപ്പലണ്ടി വറുത്തെടുക്കുന്ന ഇലക്ട്രിക് മോട്ടോർ പാത്തി ഉന്തുവണ്ടിയിൽ ഘടിപ്പിച്ചാണ് മോഹനൻ തന്റെ പ്രതിസന്ധിയെ മറികടന്നത്.

19-ാം വയസിലാണ് മോഹനൻ കപ്പലണ്ടിക്കച്ചവടം തുടങ്ങിയത്. നാലാം ക്ളാസുവരെയാണ് വി​ദ്യാഭ്യാസമെങ്കിലും ജീവിതാനുഭവങ്ങൾ നൽകിയ അറിവാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. തുടക്കത്തിൽ കൈവച്ച് ഇളക്കുന്ന ചട്ടുകത്തിന് പകരം ഫാനിന്റെ മോട്ടോർ വച്ചുനോക്കിയെങ്കിലും അമിത വേഗത തിരിച്ചടിയായി. തുടർന്ന് 2,700 രൂപയ്‌ക്ക് പതിയെ കറങ്ങുന്ന മോട്ടോർ സംഘടിപ്പിച്ചു. പേഴ്‌സണൽ ലോണെടുത്ത് മിനി ഇൻവെർട്ടർ വാങ്ങി. ഒന്നി​ടവി​ട്ട ദിനങ്ങളിൽ ഇൻവെർട്ടർ വീട്ടിലെത്തിച്ച് ചാർജ് ചെയ്താൽ മതിയാകും.

ദിവസം ശരാശരി ആറു കിലോ കപ്പലണ്ടി വരെ വിൽക്കും. 20 രൂപയുടേതാണ് പൊതി. മസാലക്കടല, ഗ്രീൻപീസ്, പരിപ്പുകടല എന്നിവയുമുണ്ട്. 1,000 രൂപയോളം ദി​വസം മി​ച്ചമുണ്ടാക്കുമെങ്കി​ലും കടല വില വർദ്ധി​ച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മോഹനൻ പറയുന്നു. പുഷ്പയാണ് ഭാര്യ. മക്കൾ: ശരണ്യ, ശരത്.

Leave a Reply

Your email address will not be published. Required fields are marked *