മുംബൈ: നടൻ സെയ്ഫ് അലി ഖാന് വധഭീഷണിയുയർത്തുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. 2024 ഒക്ടോബറിൽ മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി കൊല്ലപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സീഷൻ അക്തറിന്റെ പേരിലുള്ളതാണ് സന്ദേശം. അക്തർ തന്നെയാണോ ഈ ശബ്ദസന്ദേശം അയച്ചത്, അതോ മറ്റാരെങ്കിലും ആൾമാറാട്ടം നടത്തി നിർമ്മിച്ചതാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന കുറ്റവാളി സംഘമായ രോഹിത് ഗോദാര ഗ്യാങ്ങിന്റെ പേരിലാണ് ഭീഷണി സന്ദേശം പ്രചരിച്ചതെന്നും, സന്ദേശത്തിൽ സംസാരിക്കുന്ന ആൾ താൻ അക്തറാണെന്ന് അവകാശപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2024 ഒക്ടോബറിൽ ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് പുറത്തുവെച്ച് ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചതുമുതൽ അക്തർ ഒളിവിലാണ്. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ള ഇടനിലക്കാരനായാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം ഇയാളെ തിരിച്ചറിഞ്ഞത്. എന്നാൽ, താൻ വിദേശത്തേക്ക് കടന്നതായും രോഹിത് ഗോദാര വിഭാഗത്തിനൊപ്പം ചേർന്നതായും അവകാശപ്പെട്ടുകൊണ്ട് അക്തർ പിന്നീട് സ്ഥിരീകരിക്കാത്ത സോഷ്യൽ മീഡിയ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂറുമായി ബന്ധപ്പെട്ട അടുത്തിടെയുണ്ടായ ഒരു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഖാന് നേരെ ഈ മുന്നറിയിപ്പ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.സിനിമാ മേഖലയിലെ പ്രമുഖരെ ലക്ഷ്യമിട്ടുള്ള എ.ഐ നിർമ്മിത വ്യാജ ഭീഷണി കോളുകൾ അടുത്തിടെയായി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പൊലീസ് ശാസ്ത്രീയ അന്വേഷണം നടത്തുന്നു.
നടന്മാരായ ആയുഷ്മാൻ ഖുറാനയ്ക്കും തുഷാർ കപൂറിനും സമാനമായ ഭീഷണി ഓഡിയോ ക്ലിപ്പുകൾ അയച്ചതിന് ബെംഗളൂരുവിൽ ടെക്കിയായി ജോലി ചെയ്തിരുന്ന 30-കാരനായ ഐ.ഐ.ടി ബിരുദധാരി വൈഭവ് മിശ്രയെ ഈ മാസം ആദ്യം മുംബൈ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. തുഷാർ കപൂറിൽ നിന്ന് 5 കോടി രൂപയും ആയുഷ്മാൻ ഖുറാനയിൽ നിന്ന് കോടികളും തട്ടിയെടുക്കുന്നതിനായി ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങളാണെന്ന് നടിച്ച് "ഹാരി ബോക്സർ", "അനിൽ പണ്ഡിറ്റ്" തുടങ്ങിയ വ്യാജ പേരുകൾ ഉപയോഗിച്ചും, എ.ഐ വോയിസ്-ക്ലോണിംഗ് സോഫ്റ്റ്വെയറും വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴിയുമാണ് മിശ്ര ഭീഷണി മുഴക്കിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഇയാൾ 50-ലധികം സെലിബ്രിറ്റികൾക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യൻ ഗ്യാങ്ങുകളും ബോളിവുഡ് താരങ്ങളും ഉൾപ്പെടുന്ന സുരക്ഷാ ഭീഷണികളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് ഖാനെതിരെയുള്ള ഈ ഓഡിയോ ക്ലിപ്പ്. ജുഹുവിലെ നടൻ ടൈഗർ ഷ്രോഫിന്റെ വീടിന് പുറത്തുണ്ടായ വെടിവെപ്പും, സുരക്ഷാ കാരണങ്ങളാൽ നടൻ അമിതാഭ് ബച്ചൻ തന്റെ മുംബൈയിലെ വീട്ടിൽ സംരക്ഷണ ഗ്ലാസ് കവചം സ്ഥാപിച്ചതും ഇതിൽ ഉൾപ്പെടുന്നു.
സെയ്ഫ് അലി ഖാനും നേരത്തെ ബാന്ദ്രയിലെ വീട്ടിൽ വെച്ച് കുത്തേറ്റതിനെ തുടർന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൂടാതെ, ബാന്ദ്രയിലെ നടൻ സൽമാൻ ഖാന്റെ വീടിന് പുറത്തും ജുഹുവിലെ ചലച്ചിത്ര നിർമ്മാതാവ് രോഹിത് ഷെട്ടിയുടെ വീടിന് പുറത്തും മുമ്പ് വെടിവെപ്പുണ്ടായിട്ടുണ്ട്.