‘ആശുപത്രിയിൽ കിടന്ന് എന്ത് ഗൂഢാലോചന നടത്താനാണ്?’; അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികരിച്ച് കെ.കെ. ശൈലജ

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചനാ ആരോപണം കോടതി വിധിയോടെ പൊളിഞ്ഞെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. ഗൂഢാലോചനാക്കുറ്റം ആരോപിക്കപ്പെട്ടവരെ കോടതി വെറുതെവിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്നും അവർ പറഞ്ഞു.

മാപ്പുകൾ കാണുക

ഷുക്കൂർ വധം നിർഭാഗ്യകരമായ സംഭവമാണെന്ന് കെ.കെ. ശൈലജ പ്രതികരിച്ചു. അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ താനുമുണ്ടായിരുന്നു. കുടുംബങ്ങളെ ആശ്വസിപ്പിക്കാനായിരുന്നു യാത്രയെന്നും ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.

"ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ ലീഗ് പ്രവർത്തകർ കല്ലെറിയാൻ തുടങ്ങി. ഞാൻ ഇറങ്ങിയില്ല, ജയരാജൻ ഇറങ്ങിയിരുന്നു. അതുകൊണ്ടാണ് ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടിയത്. ആശുപത്രിയിൽ ആളുകൾക്കിടയിൽ കിടന്ന് എന്ത് ഗൂഢാലോചന നടത്താനാണ്?" ശൈലജ ചോദിച്ചു. 14 വർഷത്തോളമായി അനുഭവിച്ച പ്രയാസങ്ങൾക്ക് ഇതോടെ അറുതിയായെന്നും അവർ കൂട്ടിച്ചേർത്തു.

അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ചയാണ് എറണാകുളത്തെ സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അതേസമയം, സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരടക്കം 18 പ്രതികളെ കോടതി വെറുതെവിട്ടു.

പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ചുമത്തിയിരുന്ന ഗൂഢാലോചനാക്കുറ്റത്തിലാണ് കോടതി വിധി നിർണായകമായത്. വിചാരണയ്ക്കിടെ രണ്ട് പ്രതികൾ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *