അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം: നിയമനിർമാണം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ഡൽഹി: അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങളുടെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പ്രത്യേക നിയമനിർമാണം കൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ഇത്തരം വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികളിലുണ്ടാകാവുന്ന ജനിതക ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഇത്തരം വിവാഹങ്ങൾ നിയന്ത്രിക്കുന്നതിൽ കോടതിക്ക് നേരിട്ട് തീരുമാനമെടുക്കാനാവില്ലെന്നും നിയമനിർമാണം പാർലമെന്റിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്നും ബെഞ്ച് വ്യക്തമാക്കി.

ബെംഗളൂരുവിൽ നിന്നുള്ള നിയമവിദ്യാർഥിനി ചാർവി എസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികളിൽ ജനിതക രോഗങ്ങൾക്കും ജന്മനായുള്ള ശാരീരിക വൈകല്യങ്ങൾക്കും സാധ്യത കൂടുതലാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രക്തബന്ധത്തിലുള്ള വിവാഹങ്ങൾ മൂലം കുട്ടികളിൽ ഹോമോസൈഗോസിറ്റി വർധിക്കാനും അതുവഴി ചില ജനിതക രോഗങ്ങൾ പ്രകടമാകാനുമുള്ള സാധ്യതയുണ്ടെന്നാണ് മെഡിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ഹർജിക്കാരി വാദിച്ചു. കാഴ്ച, കേൾവി വൈകല്യങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

താൻ അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹത്തിൽ ജനിച്ച വ്യക്തിയാണെന്നും ഏകദേശം 40 ശതമാനം കാഴ്ചവൈകല്യം നേരിടുന്നുണ്ടെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു.

ഹിന്ദു വിവാഹ നിയമത്തിലെ 5(IV), 5(V) വകുപ്പുകൾ പ്രകാരം അനുവദിക്കുന്ന ചില ആചാരപരമായ വിവാഹങ്ങൾക്ക് ആരോഗ്യസംരക്ഷണ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വിവാഹത്തിന് മുമ്പ് കൗൺസിലിങ്, ജനിതക പരിശോധന സംബന്ധിച്ച നിർദേശം, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ വിവാഹം വ്യക്തിയുടെ സ്വകാര്യ തീരുമാനമാണെന്നും ബന്ധപ്പെട്ടവർക്ക് ആവശ്യമായ വിവരങ്ങൾ ലഭിച്ചശേഷം സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയണമെന്നും കോടതി നിരീക്ഷിച്ചു.

വിഷയത്തിൽ അനുയോജ്യമായ നിയമനിർമാണം കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കാനോ വിവിധ മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസ സംവിധാനങ്ങളിലൂടെയും ബോധവൽക്കരണം നടത്താനോ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

അതേസമയം, അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹം നിരോധിച്ചുകൊണ്ടുള്ള ഉത്തരവൊന്നും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടില്ല. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *