ഫാറ്റിലിവര്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെയാണ് രോഗസാധ്യത കൂട്ടുന്ന ഘടകങ്ങള്‍. ഇപ്പോഴിതാ ജീവിതശൈലിയില്‍ വരുത്തിയ ചില മാറ്റങ്ങളിലൂടെ ഫാറ്റിലിവറിനെ എങ്ങനെ മാറ്റിയെടുത്തു എന്ന് വ്യക്തമാക്കുകയാണ് യു.കെ.യില്‍ നിന്നുള്ള സര്‍ജനായ ഡോ. കരണ്‍ രാജന്. ആരോഗ്യകരമായ അറിവുകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുന്ന കരണ്‍ ശാസ്ത്രീയമായ വഴികളിലൂടെ എങ്ങനെ ഫാറ്റിലിവറിനെ മാറ്റിയെടുത്തു എന്നാണ് വ്യക്തമാക്കുന്നത്.
മധുര പാനീയങ്ങള്‍ തന്റെ ഭക്ഷണക്രമത്തില്‍ നിന്നും പാടെ ഉപേക്ഷിച്ചുവെന്നതാണ് അതില്‍ ആദ്യത്തേതായി അദ്ദേഹം പറയുന്നത്. സോഡകളും മറ്റ് മധുര പാനീയങ്ങളുമൊക്കെ ഉപേക്ഷിച്ചു. ദ്രാവക രൂപത്തിലുള്ള മധുരത്തെ കരള്‍ നേരിട്ട് സംസ്കരിക്കുകയും അധികമുള്ള കലോറിയെ കൊഴുപ്പായി മാറ്റുകയും ചെയ്യുമെന്ന് ഡോ. കരണ്‍ പറയുന്നു. ഖരരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ സംതൃപ്തി ലഭിക്കുന്നതുപോലെ ദ്രാവക രൂപത്തിലുള്ളവ കഴിക്കുമ്പോള്‍ ലഭിക്കുകയുമില്ല. ഇത് കൂടുതല്‍ കഴിക്കാന്‍ ഇടവരുത്തും. മധുരമുള്ള പാനീയങ്ങള്‍ക്ക് പകരം ശുദ്ധജലം, പഞ്ചസാരയില്ലാത്ത ചായ, ബ്ലാക്ക് കോഫി എന്നിവ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.
ഫാറ്റിലിവര്‍ പ്രതിരോധത്തില്‍ പ്രധാനമാണ് വ്യായാമമെന്നും അദ്ദേഹം പറയുന്നു ആഴ്ചയില്‍ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കണം. വ്യായാമം ചെയ്യുന്നതിലൂടെ കരളില്‍ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനാവും. കൂടാതെ കരളിന്റെ ഇന്‍സുലിന്‍ സംവേദനക്ഷമതയും വര്‍ധിക്കും. വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തല്‍, സൈക്ലിംഗ് എന്നിങ്ങനെ ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യണം. ഒപ്പം കരുത്ത് വര്‍ധിപ്പിക്കാനുള്ള വര്‍ക്കൗട്ടുകള്‍ കൂടി ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിനെ പ്രതിരോധിക്കുമെന്ന് ഡോ.കരണ്‍ പറയുന്നു.
കരളിന്റെ ആരോഗ്യത്തില്‍ നാരുകളടങ്ങിയ ഭക്ഷണത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും ഡോ.കരണ്‍ പങ്കുവെക്കുന്നുണ്ട്. നാരുകള്‍ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥയെ സഹായിക്കും. കരളില്‍ കൊഴുപ്പടിയുന്നത് കുറയ്ക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. നാരുകളുള്ള ആഹാരം വര്‍ധിപ്പിക്കുന്നത് കരളിലെ വീക്കം കുറയ്ക്കുമെന്നും ധാന്യങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കണമെന്നും അദ്ദേഹം പറയുന്നു.
ഫാറ്റിലിവര്‍ രോഗം മെച്ചപ്പെടുത്തുന്നതില്‍ കട്ടന്‍ കാപ്പിയുടെ പങ്കിനേക്കുറിച്ചും ഡോ.കരണ്‍ പറയുന്നുണ്ട്. താന്‍ സ്ഥിരമായി കട്ടന്‍ കാപ്പി കുടിക്കുമായിരുന്നു. അത് നേരിട്ട് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഒരുദിവസത്തില് രണ്ടുമൂന്ന് കട്ടന്‍ കാപ്പി കുടിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കുകയും കരള്‍രോഗ സംബന്ധമായ മരണനിരക്ക് കുറയ്ക്കുകയും ചെയ്യും. കാപ്പിയിലുള്ള മെലനോയിഡിന്സ്, പോളിഫെനോളുകള്‍ എന്നിവ വീക്കം കുറയ്ക്കും. പഞ്ചസാരയിടാതെ വേണം കട്ടന്‍ കാപ്പി കുടിക്കേണ്ടതെന്നും ഡോ. കരണ്‍ വ്യക്തമാക്കുന്നു.
പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചതും ഫാറ്റിലിവര്‍ മാറ്റിയെടുക്കാന്‍ സഹായിച്ചുവെന്ന് ഡോ. കരണ്‍ പറയുന്നു. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനായി മത്സ്യം, ഒലിവ് ഓയില്‍, നട്സ്, സീഡ്സ് എന്നിവ കഴിച്ചു. മെഡിറ്ററേനിയന്‍ ഡയറ്റിലേക്ക് മാറി. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കുമെന്നും പൂരിത കൊഴുപ്പിനുപകരം നല്ല കൊഴുപ്പുകളിലേക്ക് മാറുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഫാറ്റി ലിവര്‍
കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവര്‍ എന്ന് പറയുന്നത്. അഞ്ചു ശതമാനത്തില്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാല്‍ ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവര്‍ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളില്‍ കൊഴുപ്പ് അടിയുമ്പോള്‍ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളില്‍ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോണ്‍ ആല്‍ക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.
അമിതവണ്ണം, പ്രമേഹം, രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കു പുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളില്‍ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന എന്‍ഡോ ടോക്സിനുകള്‍ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളില്‍ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങള്‍ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവര്‍ ഡിസീസിലേക്ക് നയിക്കുന്നു.
ലക്ഷണങ്ങള്‍
മിക്കയാളുകളിലും ഫാറ്റി ലിവര്‍ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരില്‍ ക്ഷീണവും വയറിന്റെ മുകളില്‍ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അള്‍ട്രാസൗണ്ട് സ്കാനിങ് വേണ്ടിവരുമ്പോള്‍ കരളില്‍ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെല്‍ത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോള്‍ കരളിലെ എന്‍സൈമുകള്‍ (AST, ALT) ഉയര്‍ന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.
കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളില്‍ നീര്‍വീക്കം വരുകയും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങള്‍ നശിക്കുകയും, അത് ലിവര്‍ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.