വയനാട്: മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാന അഞ്ചര മണിക്കൂറായി ജനവാസ മേഖലയില്‍ തുടരുകയാണ്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കടകള്‍ അടച്ചു, ജനങ്ങളോട് കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടറും നോര്‍ത്തേണ്‍ സിസിഎഫ് കെഎസ് ദീപയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.സ്ഥിതി നിരീക്ഷിക്കുകയാണെന്നും വേണ്ടിവന്നാല്‍ മയക്കുവെടി വച്ച് ആനയെ പിടികൂടുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന കര്‍ണാടകത്തിന്റേതായതിനാല്‍ അവിടുത്തെ കളക്ടറോട് വയനാട്ടിലെ ഉദ്യോഗസ്ഥര്‍ സംസാരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ഇറങ്ങി ഇത്രയും മണിക്കൂര്‍ കഴിഞ്ഞിട്ടും അധികൃതര്‍ ആനയെ മാറ്റാനുള്ള കാര്യങ്ങള്‍ ചെയ്യുന്നില്ല. ഇത് ജനങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കുകയാണ്. പൊലീസും റവന്യൂ വകുപ്പും വനം വകുപ്പും ചേര്‍ന്ന് കര്‍ഫ്യൂ നടപ്പിലാക്കാന്‍ വൈകി. രാവിലെ കോടതി പരിസരത്ത് ആന എത്തിയപ്പോള്‍ തന്നെ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. അത് ചെയ്തില്ല എന്നുമാത്രമല്ല, റോഡുകള്‍ മുഴുവന്‍ അടയ്ക്കാനുള്ള നടപടിയും സ്വീകരിച്ചില്ല. ആയിരക്കണക്കിന് കുട്ടികള്‍ ഈ സമയത്ത് സ്‌കൂളുകളിലെത്തി.വീട്ടില്‍ നിന്ന് പുറപ്പെട്ട നിരവധി കുട്ടികള്‍ വഴിയിലായി. രക്ഷിതാക്കള്‍ ഉള്‍പ്പെടെ വലിയ ആശങ്കയിലായിരുന്നു. 50 മീറ്റര്‍ കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ആന മെഡിക്കല്‍ കോളേജ് പരിസരത്തെത്തുമായിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം ഇവിടെ വലിയ ദുരന്തങ്ങള്‍ ഉണ്ടായേനെ. ആനയെ എത്രയും പെട്ടെന്ന് മയക്കുവെടി വച്ച് സ്ഥലത്ത് നിന്ന് മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം.’- നാട്ടുകാര്‍ പറയുന്നു.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആന കണിയാരത്തെത്തിയത്. ആനയെ കണ്ട പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ ആന പായോട് എത്തി. തുടര്‍ന്ന് ന്യൂമാന്‍സ് കോളേജ്, മിനി സിവില്‍ സ്റ്റേഷന്‍, എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ്, വനംവകുപ്പിന്റെ വിശ്രമകേന്ദ്രം എന്നിവയുടെ സമീപത്തുകൂടി നീങ്ങി. ഒടുവില്‍ കെ എസ് ആര്‍ ടി സി ഡിപ്പോയുടെ സമീപത്തെത്തി. മാനന്തവാടിയിലെ സ്‌കൂളുകള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളിലെത്തിയ കുട്ടികളെ സുരക്ഷിതരാക്കണമെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…