കണ്ണൂർ:കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും വിവിധ ലാബ് പരിശോധനകള്‍ ലഭ്യമാക്കുന്ന നിര്‍ണയ ലാബ് ആരംഭിക്കുമെന്ന് ആരോഗ്യം, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളില്‍ സംവിധാനമില്ലാത്ത പരിശോധനകള്‍ക്ക് സാമ്പിളുകള്‍ ജില്ലാ ലാബുകളിലേക്ക് അയച്ച് പരിശോധന ഫലം ബന്ധപ്പെട്ടവരുടെ മൊബൈല്‍ നമ്പറില്‍ ലഭ്യമാക്കും വിധമാണ് നിര്‍ണയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
2018 മുതല്‍ താലൂക്ക് ആശുപത്രികളില്‍ സൗജന്യമായി ഡയാലിസിസ് നല്‍കുന്നുണ്ട്. ആര്‍ദ്രം മിഷനിലൂടെ സ്പെഷ്യലിറ്റി സേവനങ്ങള്‍ നല്‍കാനും കഴിയുന്നുണ്ട്. കേരളത്തിലല്‍ അങ്ങോളമിങ്ങോളം കിഫ്ബി വഴി പുതിയ ആശുപത്രി കെട്ടിടങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി. സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും ചികിത്സ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ മേഖലയില്‍ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ശസ്ത്രക്രിയകള്‍ സാധ്യമാക്കിയതെന്നും മന്ത്രി പറഞു. ‘ആരോഗ്യം ആനന്ദം, അകറ്റാം ക്യാന്‍സര്‍’ ക്യാമ്പയിന്‍ പ്രകാരം സംസ്ഥാനത്ത് 15 ലക്ഷം സ്ത്രീകള്‍ ക്യാന്‍സര്‍ സ്‌ക്രീനിങ്ങിന് വിധേയരായി. ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലൂടെ സംസ്ഥാനത്ത് ആയുര്‍ ദൈര്‍ഖ്യം ഉയര്‍ന്ന അരോഗസമൂഹത്തെ സൃഷ്ടിക്കാന്‍ സര്‍ക്കാരിനായെന്നും മന്ത്രി പറഞ്ഞു.
മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തില്‍ രണ്ട് ഒ.പി മുറികള്‍, പ്രീ ചെക്ക് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നേഴ്‌സിംഗ് റൂം, ഡ്രസിംഗ് റൂം, രജിസ്ട്രേഷന്‍ റൂം, മുറികളിലായി അറ്റാച്ച്ഡ് ബാത്ത് റൂമുകള്‍, പൊതു ടോയ്ലറ്റുകളും, വെയിറ്റിംഗ് ഏരിയ, സ്റ്റെയര്‍ കേസുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.25 കോടി രൂപ വകയിരുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വൈദ്യുതീകരണം ഉള്‍പ്പെടെ ആകെ ചെലവ് 1.35 കോടി രൂപയാണ്
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രമണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം പീയുഷ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി കെ അനില്‍കുമാര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ സി പി ബിജോയ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ചന്ദ്രന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ സജിത, കെ വി മിനി, എം വി അജ്നാസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ രവീന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ കെ നിതിന്‍, അഡ്വ. എം സി രാഘവന്‍, എ പുരുഷോത്തമന്‍, പി പി ലക്ഷ്മണന്‍, പി പി ഉണ്ണികൃഷ്ണന്‍, എം പി രാധാകൃഷ്ണന്‍, കെ സാജന്‍, ടി പി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Click To Comment










