വാഷിംഗ്ടണ്‍: സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ. രാജ്യത്തെ പ്രമുഖ എയര്‍ലൈനുകള്‍ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാന ഗതാഗത വിവരങ്ങള്‍ നല്‍കുന്ന ഫ്‌ലൈറ്റ് അവേര്‍ എന്ന വെബ്‌സൈറ്റിലെ കണക്കുപ്രകാരം, ഇന്ന് ഷെഡ്യൂള്‍ ചെയ്തിരുന്ന 700ലധികം വിമാനങ്ങളാണ് വെ ട്ടിക്കുറച്ചിരിക്കുന്നത്. നവംബര്‍ 14ഓടെ പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കും. പ്രാദേശിക സമയം രാവിലെ ആറ് മുതല്‍ പത്ത് മണിവരെയായിരിക്കും നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. വാണിജ്യ എയര്‍ലൈനുകളെയും ഇത് ബാധിക്കും. ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍, ചിക്കാഗോ, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ മെട്രോപൊളിറ്റന്‍ പ്രദേശങ്ങള്‍, അറ്റ്‌ലാന്റ, ഡാളസ്, ഡെന്‍വര്‍, ലോസ് ഏഞ്ചല്‍സ്, ഷാര്‍ലറ്റ്, നോര്‍ത്ത് കരോലിന തുടങ്ങിയ വ്യോമയാന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ യുഎസിലുടനീളമുള്ള 40 വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നിലവില്‍ ആഭ്യന്തര വിമാന സര്‍വീസുകളെ മാത്രമേ വെട്ടിക്കുറയ്ക്കല്‍ ബാധിക്കുകയുള്ളു. അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ഇത് ബാധിക്കില്ലെന്നാണ് വിവരം. എന്നിരുന്നാലും വരും ദിവസങ്ങളില്‍ ഇതില്‍ മാറ്റമുണ്ടായേക്കാമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്‌ലൈറ്റ് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവര്‍ വിമാനക്കമ്പനികളുടെ മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റിലൂടെ എത്രയും വേഗം റീബുക്ക് ചെയ്യാനാണ് നിര്‍ദേശം. യാത്രക്കാര്‍ക്ക് കൂടുതല്‍ സംശയമുണ്ടെങ്കില്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്. നിരവധി ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതിനാല്‍ ലഭ്യമായ സീറ്റുകളുടെ എണ്ണം വളരെ കുറവായിരിക്കുമെന്നും ആദ്യം റീബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പല വിമാനങ്ങളിലും വിരലിലെണ്ണാവുന്ന സീറ്റുകള്‍ മാത്രമേ ബാക്കിയുള്ളു. എന്നാല്‍, റീഫണ്ടിനെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
രാജ്യത്തെ അടച്ചുപൂട്ടല്‍ മൂലം എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനുപേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 13,000 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും 50,000 ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഏജന്റുമാരും ശമ്പളമില്ലാതെ നിര്‍ബന്ധിതാവസ്ഥയില്‍ ജോലി ചെയ്യുകയാണ്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ അമിത ജോലി സമ്മര്‍ദം നേരിടുന്നതുമൂലം യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് എഫ്എഎ ഉത്തരവില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

23-11-2025