സുല്‍ത്താന്‍ബത്തേരി: അമ്പലവയലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇക്കഴിഞ്ഞ രാത്രി പത്ത് മണിയോടെ അമ്പലവയലില്‍ നിന്നും ചുള്ളിയോട്ടേക്ക് പോകുന്ന റോഡില്‍ റസ്റ്റ്ഹൗസിന് സമീപമായിരുന്നു അപകടം. കാക്കവയല്‍ കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയാണ് അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും മറ്റു വാഹനങ്ങളിലെത്തിയ യാത്രക്കാരും ചേര്‍ന്ന് രണ്ട് യുവാക്കളെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടുത്തെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മറ്റൊരു സംഭവത്തില്‍ കൊല്ലത്ത് ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവ് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ചു. കൊല്ലം ദേശീയപാതയില്‍ കലയനാട് വച്ചാണ് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചത്. തിരുനല്‍വേലിയിലേക്ക് സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസാണ് പാതയോരത്ത് കൂടി നടന്നു പോവുകയായിരുന്ന യുവാവിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .

 

Leave a Reply

Your email address will not be published. Required fields are marked *