
മുംബൈന്മ റൈസിങ് ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു താരം ജിതേഷ് ശര്‍മ നയിക്കും. നമന്‍ ധിര്‍ വൈസ് ക്യാപ്റ്റനായുള്ള ടീമില്‍ 14 വയസ്സുകാരന്‍ കൗമാരതാരം വൈഭവ് സൂര്യവംശിയും ഇടംപിടിച്ചു. 2025 ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ തകര്‍ത്തുകളിച്ച വൈഭവ്, ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ബാറ്ററായേക്കും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു സെഞ്ചറിയും അര്‍ധ സെഞ്ചറിയുമുള്‍പ്പടെ 252 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.
നേരത്തേ അണ്ടര്‍ 19 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള വൈഭവ്, ഇംഗ്ലണ്ടിനെതിരെ വോര്‍സെസ്റ്ററില്‍ 52 പന്തില്‍ സെഞ്ചറി നേടി തിളങ്ങിയിരുന്നു. യൂത്ത് ഏകദിനത്തിലെ വേഗതയേറിയ സെഞ്ചറിയാണിത്. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ ബ്രിസ്‌ബെയ്‌നില്‍ സെഞ്ചറി തികച്ച വൈഭവ് 86 പന്തില്‍ 113 റണ്‍സാണു നേടിയത്. കഴിഞ്ഞ ഐപിഎലില്‍ തിളങ്ങിയ നേഹല്‍ വധേര, നമന്‍ ധീര്‍, അശുതോഷ് ശര്‍മ, ഗുര്‍ജന്‍പ്രീത് സിങ്, വിജയ് കുമാര്‍ വൈശാഖ് എന്നിവരും റൈസിങ് ഏഷ്യാകപ്പ് ടീമിലുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ് 32 വയസ്സുകാരനായ ജിതേഷ് ശര്‍മ. മൂന്നാം ട്വന്റി20യില്‍ സഞ്ജു സാംസണിനു പകരം വിക്കറ്റ് കീപ്പറായി കളിച്ച ജിതേഷ് ശര്‍മ, 13 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെനിന്നിരുന്നു. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യ മത്സരത്തില്‍ നേടിയത്. കഴിഞ്ഞ ഐപിഎലില്‍ രജത് പാട്ടീദാറിന്റെ അഭാവത്തില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായും ജിതേഷ് ശര്‍മ കളിച്ചിട്ടുണ്ട്.
റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം- പ്രിയന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, നേഹല്‍ വധേര, നമന്‍ ധീര്‍, സുര്യാന്‍ഷ് ഷെഡ്‌ഗെ, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിങ്, ഹര്‍ഷ് ദുബെ, അശുതോഷ് ശര്‍മ, യാഷ് ഠാക്കൂര്‍, ഗുര്‍ജന്‍പ്രീത് സിങ്, വിജയ് കുമാര്‍ വൈശാഖ്, യുധ്‌വിര്‍ സിങ്, അഭിഷേക് പൊറേല്‍, സുയാഷ് ശര്‍മ.
Click To Comment











