ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍. സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന് ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയ സ്വര്‍ണം കണ്ടെടുത്ത് എസ്‌ഐടി. ബല്ലാരിയിലെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നാണ് അന്വേഷണ സംഘം സ്വര്‍ണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വര്‍ണ കട്ടികളാണ് കണ്ടെടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വര്‍ണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുളിമാത്ത് വീട്ടില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങള്‍ കസ്റ്റഡിയിലെടുത്തത്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയിലെ സ്വര്‍ണ പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റുവെന്ന് എസ്‌ഐടി ഇന്നലെ കണ്ടെത്തിരുന്നു. ബല്ലാരി സ്വദേശിയായ ഗോവര്‍ദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവര്‍ദ്ധനും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജ്വല്ലറി ഉടമയായ ഗോവര്‍ദ്ധന്‍. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തില്‍ വച്ചാണ് അയ്യപ്പ ഭക്തനായ ഗോവര്‍ധന്‍ പോറ്റിയെ പരിച്ചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികര്‍മ്മിയും പിന്നീട് സ്‌പോണ്‍സറുമായി പോറ്റി എത്തിയപ്പോഴും സൗഹൃദം തുടര്‍ന്നു. കട്ടിളപാളികള്‍ ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സിലെത്തിച്ചപ്പോള്‍ പൂശാനായി സ്വര്‍ണം നല്‍കിയത് ഗോവര്‍ദ്ധനാണ്. ഇതിന് ശേഷമാണ് ദ്വാരപാലക ശില്‍പ്പത്തിന്റെ പാളികളെത്തിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തെളിവെടുപ്പ് തുടരുന്നു
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബംഗളൂരുവില്‍ എത്തിച്ചാണ് അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്. ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്, ബെല്ലാരിയില്‍ സ്വര്‍ണം വില്‍പ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികള്‍ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ മാസം 30ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം സുഹൃത്ത് ഗോവര്‍ദ്ധനന് കൈമാറി എന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇത്തരത്തില്‍ കൈമാറിയ സ്വര്‍ണം കണ്ടെത്താന്‍ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവില്‍ കട്ടിളപ്പാളികള്‍ സ്വര്‍ണം പൂശാന്‍ നേരത്തെ ഗോവര്‍ദ്ധന്‍ സ്വര്‍ണം നല്‍കിയിരുന്നു. ദേവസ്വം ബോര്‍ഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവതി ഉറങ്ങുമ്പോള്‍ ജനല്‍ കമ്പികള്‍ക്കിടയിലൂടെ കൈ കടത്തി പൊട്ടിച്ചെടുത്തത് പാദസരം

ചാരുംമൂട്: വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണ പാദസരം അതിവിദഗ്ദ്ധമായി …